തട്ടിപ്പ് തൊഴിലാക്കി മാറ്റി അനേകം സ്ത്രീകളെ വഞ്ചിച്ച വിരുതനെ പോലീസ് പിടികൂടി

പാലക്കാട്: തട്ടിപ്പ് തൊഴിലാക്കി മാറ്റി അനേകം സ്ത്രീകളെ വഞ്ചിച്ച വിരുതനെ പോലീസ് പിടികൂടി. കുഴല്‍മന്ദം സ്വദേശി മുഹമ്മദ് നസീറാണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കില്‍ പല പേരുകളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയത്. ആദര്‍ശ്, ബാബുരാജ് തുടങ്ങിയ വിവിധ പേരുകളില്‍ ആണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഷിപ്പില്‍ ക്യാപ്റ്റന്‍ ആണെന്നും കോടീശ്വരനാണെന്നും ഇയാള്‍ ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ തനിക്കു വന്‍ സ്വാധീനം ഉണ്ടെന്നും നിരവധി കാര്യങ്ങള്‍ നടത്തി തരാമെന്നും പല സ്ത്രീകളെയും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ വിദ്യാസമ്പന്നരായ യുവതികളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. രാജകുടുംബാംഗം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ചിലയിടത്ത് വിവാഹാഭ്യര്‍ത്ഥനയും നടത്തിയിരുന്ന ഇയാളെ തന്ത്രപരമായാണ് പാലക്കാട് നൂറണിയില്‍ വെച്ച് പോലീസ് പിടികൂടിയത്.

കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പട്ടാമ്പി സിഐ പി.എസ് സുരേഷ്, എസ്‌ഐമാരായ കൃഷ്ണന്‍കുട്ടി, സത്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

