ഡെങ്കിപ്പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്ത് ശവസംസ്കാരം

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്ത് ശവസംസ്കാരം. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പൂവത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ (52) ശവസംസ്കാരമാണ് വീട്ടുമുറ്റത്ത് നടന്നത്.
വീട് നില്ക്കുന്ന നാലുസെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് ആകെയുള്ളത്. ഇതേത്തുടര്‍ന്ന് റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴിയുടെ അരികെ മുറ്റത്തുതന്നെ ശവസംസ്കാരം നടത്തുകയായിരുന്നു. പഞ്ചായത്തില്‍ ശ്മശാനമില്ലാത്തതിനാല്‍ വീടിന്റെ പിന്നിലെ വിറകുപുര പൊളിച്ച് ശവസംസ്കാരം നടത്തേണ്ടസ്ഥിതിയും നേരത്തേ പഞ്ചായത്തിലെ ഒരു കുടുംബത്തിനുണ്ടായിട്ടുണ്ട്.

കൂലിപ്പണിചെയ്താണ് കനകമ്മയുടെ കുടുംബം കഴിയുന്നത്. രണ്ടു മക്കള്‍ പഠിക്കുകയാണ്. എട്ടുവര്‍ഷം മുമ്പ് ഇ.എം.എസ്. ഭവനനിര്‍മാണ പദ്ധതിയില്‍ നിര്‍മിച്ചതാണ് വീട്. എഴുപതിനായിരം രൂപ സഹായധനം കിട്ടി. അതിനുശേഷം വീട് നന്നാക്കാനൊന്നുമായിട്ടില്ല. ഒരു കിടപ്പുമുറിമാത്രമാണ് വീട്ടിലുള്ളത്. സിമന്റ് കട്ട ഉപയോഗിച്ച് നിര്‍മിച്ച ചെറിയ വീട്ടില്‍ രണ്ട് കുടുംബം കഴിയുന്നുണ്ട്. ചിലയിടത്ത് ചോര്‍ന്നൊലിക്കുന്നു. 18-ഓളം വീടുകള്‍ ലക്ഷംവീട് കോളനിയിലുണ്ട്. പലര്‍ക്കും നാല് സെന്റ് സ്ഥലത്താണ് വീട്.

ആറുദിവസം മുമ്പാണ് കനകമ്മയ്ക്ക് പനി വന്നതെന്ന് മകന് പറഞ്ഞു. കൂരാച്ചുണ്ട് സി.എച്ച്.സി.യിലാണ് ആദ്യം പരിശോധിച്ചത്. അവിടെനിന്ന് നല്കിയ മരുന്ന് കഴിച്ചെങ്കിലും കുറഞ്ഞില്ല. അവശത അധികമായപ്പോള്മാത്രമാണ് താലൂക്കാസ്പത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചത്. കോളനിയില്‍ മറ്റുവീട്ടുകാരും പനിബാധിച്ച് കിടപ്പിലായിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് എത്തുന്നില്ലെന്ന് കോളനിക്കാര്‍ക്ക് പരാതിയുണ്ട്.

