ഡി.വൈ.എഫ്.ഐ. ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തു

പേരാമ്പ്ര: നഗരത്തില്‍ ഡി.വൈ.എഫ്.ഐ. ഈസ്റ്റ് മേഖലാ കമ്മിറ്റി ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു. ഈ കെട്ടിടത്തില്‍ തന്നെയുള്ള സി.പി.എം.(എം.എല്‍.) റെഡ് സ്റ്റാര്‍ ഓഫീസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തീയിട്ടിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. രണ്ടാം നിലയില്‍ ഇതിന് തൊട്ടടുത്ത് തന്നെയാണ് ഡി.വൈ.എഫ്.ഐ. ഈസ്റ്റ് മേഖലാ കമ്മിറ്റി ഓഫീസ്. തീ കൂടുതല്‍ വ്യാപിച്ചിരുന്നുവെങ്കില്‍ ഡി.വൈ.എഫ്.ഐ. ഓഫീസിനും തീ പിടിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പരാതി നല്‍കിയത്.
സംഭവത്തിലും മേഖലയിലെ മുസ്ലിം ലീഗ് അക്രമത്തിലും പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ. പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എസ്.കെ. സജീഷ്, ബ്ലോക്ക് സെക്രട്ടറി പി.കെ. അജീഷ്, പ്രസിഡന്റ് വി.കെ. പ്രമോദ്, വി.കെ. സുനീഷ്, ഒ.ടി. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

