ഡിസംബര്‍ 30 വരെ എ.ടി.എം. സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത് ആർ. ബി. ഐ.

ന്യൂഡല്‍ഹി > എടിഎം സേവനങ്ങള്‍ക്കുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി ഒഴിവാക്കി. ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഏതു ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കരുത്. എടിഎം ഇടപാടുകളുടെ എണ്ണം നിജപ്പെടുത്തരുത്. ഇതുസംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ആര്‍ബിഐയുടെ പുതിയ നിര്‍ദേശപ്രകാരം ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം.
അതേസമയം, നോട്ടിനായി നെട്ടോട്ടം തുടരുന്നതിനിടെ ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ ചില പരിഷ്കാരങ്ങളും കൊണ്ടുവന്നു.

ബാങ്കില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 10,000 രൂപ എന്ന പരിധി എടുത്തു കളഞ്ഞു. ഇനി ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാം. എടിഎമ്മില്‍ നിന്ന് 2500 രൂപ വരെയും അസാധു നോട്ടുകള്‍ നല്കി 4500 രൂപ വരെയും പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

മറ്റു നിര്‍ദേശങ്ങള്‍:

• ഗ്രാമീണ മേഖലകളില്‍ പണം ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം. ചെറിയ മൂല്യമുള്ള നോട്ടുകള്‍ എല്ലായിടത്തും എത്തിക്കാന്‍ മൊബൈല്‍ ബാങ്കിങ് വാനുകളുടെയും ബാങ്കിങ് കറസ്പോണ്ടന്റുമാരുടെയും സേവനം ഉറപ്പാക്കണം.
• ചെക്ക്, ഡിഡി, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ എന്നിവ സ്വീകരിക്കാത്ത ആശുപത്രികള്‍ക്കും മറ്റുമെതിരെ ജില്ലാ മജിസ്ട്രേട്ടിനോ ജില്ലാ ഭരണകൂടത്തിനോ പരാതി നല്‍കാം.
• രോഗികളുടെ സൗകര്യാര്‍ഥം പ്രധാന ആശുപത്രികളില്‍ മൊബൈല്‍ ബാങ്കിങ് സൗകര്യം ഉറപ്പാക്കണം.
• അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സൗകര്യമൊരുക്കണം.
• ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കുന്നവര്‍ക്ക് ബിസിനസ് കറസ്പോണ്ടന്റുമാര്‍ മുഖാന്തരം നല്കാവുന്ന പരിധി 2500 രൂപയാക്കി.
• മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിനുള്ള സൗകര്യം വര്‍ധിപ്പിക്കാനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതലായി ലഭ്യമാക്കാനും ബാങ്കുകള്‍ക്കു നിര്‍ദേശം.
