ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സുകള്‍ ഇന്നുമുതല്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സുകള്‍ ഇന്നുമുതല്‍ നിരത്തിലിറങ്ങും. എട്ടു ജില്ലകളിലായി 101 ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്. അടിയന്തര സഹായത്തിന് ഇന്നുമുതല്‍ 108 എന്ന നമ്പറില്‍ വിളിക്കാം. ആദ്യഘട്ടത്തില്‍ എട്ട് ജില്ലകളിലാണ് പ്രവര്‍ത്തനം ലഭ്യമാകുക. ബാക്കി ജില്ലകളിലേക്ക് അടുത്ത മാസം പ്രവര്‍ത്തനം വ്യാപിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്‍റെ കനിവ് – 108 എന്ന പദ്ധതി പ്രകാരമാണ് ആംബുലന്‍സുകള്‍ നിരത്തിലിറങ്ങിയത്. ആകെ 315 ആംബുലന്‍സുകളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 101 ആംബുലന്‍സുകളുടെ സേവനങ്ങളാണ് ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആടുത്തമാസത്തോടെ സംസ്ഥാനത്തൊട്ടാകെ സേവനം ലഭ്യമാകും.

തിരുവനന്തപുരം 28, കൊല്ലം 10, ആലപ്പുഴ 18, പത്തനംതിട്ട 15, എറണാകുളം 15, കോട്ടയം 8, ഇടുക്കി 7 എന്ന കണക്കിലാണ് ആംബുലന്‍സുകള്‍ ആദ്യഘട്ടത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

