ട്രാന്സ്ജെന്ഡേഴ്സിനെ മർദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കും ഡിജിപിക്കും സാക്ഷരതാ മിഷന് ഡയരക്റ്ററുടെ പരാതി

കോഴിക്കോട്: സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തെ ഡയരക്റ്റര് ഡോ പിഎസ് ശ്രീകല അപലപിച്ചു. പൊലീസ് നടത്തിയ കിരാതമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. ഹീനകൃത്യം നടത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിന്, സുസ്മി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മര്‍ദനമേറ്റത്. ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി സമയത്ത് റോഡില്‍ കാണരുതെന്നു മുമ്ബ് പറഞ്ഞിട്ടില്ലേ എന്നു പറഞ്ഞായിരുന്നു മര്‍ദനം. ജാസ്മിന്റെ മുതുകില്‍ ലാത്തി അടിയേറ്റു മുറിഞ്ഞ പാടുണ്ട്. ഗുരുതരമായി പരുക്കേറ്റതിനാല്‍ കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജാസ്മിന്. സുസ്മിയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.

