ജ്യൂസില്‍ ലഹരി മരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: സരോവരം പാര്‍ക്കിലെത്തിച്ച് ജ്യൂസില്‍ ലഹരി മരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ജാസിമിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കുന്ദമംഗലം കോടതി റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരേ ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പക്ഷെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തിവരുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് സി.ഐ മൂസ വള്ളിക്കാടന് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കോഴിക്കോട്ടുള്ള പരീക്ഷാപരിശീലന കേന്ദ്രത്തിലെ പത്തൊമ്പതുകാരിയെ കഴിഞ്ഞ ജൂലായ് 25-ന് പ്രതി പ്രണയംനടിച്ച് സരോവരം പാര്‍ക്കിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഓഗസ്റ്റ് രണ്ടിന് വിദ്യാര്‍ഥിനി സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും കേസില്‍ പറയുന്നു.

തന്റ മകളെ പ്രതി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതിക്കെതിരെ ഈ പരാതിയില്‍ ഇപ്പോള്‍ കേസെടുത്തിട്ടില്ല. കൂടുതല്‍ അന്വഷണം നടത്തി മാത്രമേ ഇതില്കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എന്‍ഐഎയും നീരീക്ഷിക്കുന്നുണ്ട്. പക്ഷെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

