ജലം ജീവാമൃതം – ജലമാണ് ജീവൻ ക്യാമ്പയിൻ

കൊയിലാണ്ടി: ജലം ജീവാമൃതം – ജലമാണ് ജീവൻ- എന്ന സന്ദേശമുയർത്തി കൊണ്ട് ജലസുരക്ഷക്കും ജല സമൃദ്ധിക്കുമായി ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനത്തിന് കൊയിലാണ്ടി നഗരസഭ നേതൃത്വം നൽകുകയാണ്. ഇന്ന് മൂന്ന് മണിക്ക് നഗരസഭ ടൗൺ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. ക്യഷ്ണൻകുട്ടി ജലസഭ ഉത്ഘാടനം ചെയ്യും. കെ.ദാസൻ MLA, കെ.സത്യൻ. ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കും.
ജല സഭയിൽ വച്ച് നഗരസഭ തയ്യാറാക്കിയ നീർത്തട മാസ്റ്റർ പ്ലാൻ മന്ത്രി പ്രകാശനം ചെയ്യും. “ജല സുരക്ഷയും “ജലസമൃദ്ധിയും എന്ന വിഷയത്തിൽ രാവിലെ 10 മണി മുതൽ സകൂൾ വിദ്യാർത്ഥികൾക്കായി ജല സെമിനാർ ടൗൺ ഹാളിൾ നടക്കും. കഴിഞ്ഞ ഒരാഴ്ച കാലമായി വിവിധ പരിപാടികൾ നടക്കുകയുണ്ടായി. 44 വാർഡുകളിലും ജല വാർഡ് സഭ, നഗരസഭയിലെ മുഴുവൻ സകൂളുകളിലും ജല സുരക്ഷാ അസംബ്ലിയും – ജല പ്രതിജ്ഞയും നടന്നു.
വിദ്യാർത്ഥികൾക്കായി ഉപന്യാസ പ്രസംഗ മത്സരങ്ങൾ, ജലസഭയുടെ പ്രചരണാർത്ഥം ജല സാക്ഷരതാ സന്ദേശ യാത്ര, തെരുവ് നാടകം, പൊതുജനങ്ങൾക്കായി ഒപ്പൺ ക്വിസ്, ജല ഫോട്ടോഗ്രാഫി മത്സരം, ചിത്രപ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
ഇന്നലെ നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ പ്രസിദ്ധ ചിത്രകാരൻ ശ്രീജിത് വിലാതപുരം ഉത്ഘാടനം ചെയ്തു. റഹ്മാൻ കൊഴുക്കല്ലൂരിന്റെ നേത്യത്വത്തിൽ ബൊഹീമിയൻസ് ആർട്സിലെ ചിത്രകാരന്മാരും വിദ്യാർത്ഥികളും കൂട്ടായ്മയിൽ പങ്കെടുത്തു. ജലസുരക്ഷക്ക് വേണ്ടി നഗരസഭ നടത്തിയ ജനകീയ വിദ്യാഭ്യാസ കൂട്ടായ്മ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ദേയമായി. ജല സഭയോടനുബന്ധിച്ച് മാന്ത്രികൻ ശ്രീജിത് വിയ്യൂരിന്റെ ജല മാജിക്കും അരങ്ങേറും.
