ജയലളിത അന്തരിച്ചു

ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി 12.15 ഓടെ വാര്‍ത്താക്കുറിപ്പിലാണ് മരണവിവരം അറിയിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസുഖം ഭേദമായി വരുന്നതായും യന്ത്രസഹായത്തോടെ സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസത്തോളം നീണ്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു ശേഷമാണ് ആശുപത്രി അധികൃതര്‍ മരണവിവരം അറിയിച്ചത്. ജീവന് നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കനത്ത സുരക്ഷാവലയത്തില്‍ മൃതദേഹം പോയ്സ് ഗാര്‍ഡനിലെ വസതിയിലെത്തിച്ചു. അപ്പോളോ ആശുപത്രിയിലും പോയ്സ് ഗാര്‍ഡനിലും എഐഎഡിഎംകെ ആസ്ഥാനത്തും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. തമിഴ്നാട്ടില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പുരട്ച്ചി തലൈവി എന്നും അമ്മ എന്നും ജനങ്ങള്‍ സ്നേഹത്തോടെ വിളിക്കാറുള്ള ജയലളിത എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലവും വര്‍ണശബളവുമായ രാഷ്ട്രീയ ജീവിതമായിരുന്നു ജയലളിതയുടേത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തമിഴ് ചലച്ചിത്ര രംഗത്തെ സജീവ അഭിനേത്രി ആയിരുന്ന ജയലളിത എല്ലാക്കാലവും വിവാദങ്ങളുടെ സഹയാത്രികയും ആയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പെടെ ഏറെക്കാലം നിയമനടപടികള്‍ നേരിട്ട് ജയലളിത ബാഗ്ളൂര്‍ കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജയലളിതയെ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്ത ആക്കുകയായിരുന്നു.തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രന്റെ താത്പര്യ പ്രകാരം രാഷ്ട്രീയത്തിലെത്തി എന്ന് വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. 1982ല്‍ എംജിആറിന്റെ എഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അവര്‍ മുമ്പ് മൂന്ന് വട്ടം തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടുണ്ട്. 1989ല്‍ പ്രതിപക്ഷ നേതാവായ ജയലളിത 1991ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2001ല്‍ രണ്ടാമത് സ്ഥാനമേറ്റെങ്കിലും നാലുമാസം കഴിഞ്ഞപ്പോള്‍ കോടതി വിധിയെ തുടര്‍ന്ന് രാജിവെക്കിേവന്നു. 2002ല്‍ ചെന്നൈ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2011 മെയ് 16നാണ് മൂന്നാംവട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത എത്തിയത്. 1984-89 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജയലളിത എം ജി ആറിന്റെ മരണ ശേഷം, പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായി വളരുകയായിരുന്നു.

കോമളവല്ലി എന്നാണ് ജയലളിതയുടെ യഥാര്‍ത്ഥ പേര്. 1948 ഫെബ്രുവരി 24 ന് തമിഴ്നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജനം. ജയലളിതയുടെ മുത്തശ്ശന് അക്കാലത്ത് മൈസൂര്‍ രാജാവിന്റെ ഡോക്ടറായി ജോലിനോക്കുകയായിരുന്നു. ജയലളിതയുടെ അച്ഛന്് അഭിഭാഷകനായിരുന്നു. ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരിച്ചു. അച്ഛന്റെ മരണശേഷം അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറുകയും ചെയ്ത ജയലളിത പിന്നീട് ചലച്ചിത്രാഭിനയത്തിലേക്ക് കടന്നു.

1961ല്‍ ഇറങ്ങിയ എപ്പിസ്റ്റെല്‍ എന്ന ഇംഗ്ളീഷ് സിനിമയിലായിരുന്നു തുടക്കം. 1964ല്‍ കന്നഡ ചിത്രത്തില്‍ നായികയായി. 1980 വരെ വിവിധ ഭാഷകളില്‍ അഭിനയിച്ചു. എംജി രാമചന്ദ്രനോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി.

എംജിആര്‍ അസുഖം മൂലം അമേരിക്കയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ ജയലളിത പാര്‍ട്ടിയില്‍ ശക്തയായി. പാര്‍ട്ടിയുടെ പ്രചരണ വിഭാഗം സെക്രട്ടറിയായ ജയയ്ക്ക് എംജിആര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചു. തുടര്‍ന്ന് അവര്‍ 1984ല്‍ രാജ്യസഭാംഗമായി. എംജിആറിന്റെ മരണശേഷം രാജ്യസഗത്വം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.എന്നാല്‍ ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ അധികാരതര്‍ക്കം ഉയര്‍ന്നു. എംജിആറിന്റെ ഭാര്യ ജാനകി പിന്‍ഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതോടെ എഡിഎംകെ പിളര്‍ന്നു.
1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരം ഡിഎംകെയ്ക്കായി. ജാനകി രാമചന്ദ്രന് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയലളിത വീണ്ടും പാര്‍ട്ടിയില്‍ പിടിമുറുക്കി. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ തമിഴ്നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.അഞ്ചുകൊല്ലത്തെ ഭരണത്തില്‍ അഴിമതി ആരോപണങ്ങള്‍ ഒട്ടേറെ ഉയര്‍ന്നു. ഇപ്പോള്‍ തീര്‍പ്പായ അനധികൃത സ്വത്ത് സമ്പാദന കേസും അന്നുണ്ടായതാണ്. 1996ലെ തിരഞ്ഞെടുപ്പില്‍ എഡിഎംകെ തോറ്റു. അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ്റിലായി. പ്രത്യേക കോടതിയില്‍ ജയയ്ക്കെതിരായ കേസുകള്‍ വിചാരണ തുടങ്ങി.2001ലെ തിരഞ്ഞെടുപ്പില്‍ ജയയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വിധിച്ചു.പക്ഷേ എഐഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത നിലനിന്ന ജയലളിതയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീ നിണ്ടയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.പക്ഷേ ഈ നാലുമാസത്തിനിടെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും ജയിലിലടച്ച് ജയലളിത തിരിച്ചടിച്ചു.
