ജപ്പാനിൽ നിന്ന് അഭിനന്ദന കത്തും, ഫോട്ടോയും എത്തി; വന്മുകം-എളമ്പിലാട് സ്കൂളിന് അഭിമാന നിമിഷം

കൊയിലാണ്ടി: ലോകത്ത് എവിടെയും നടക്കുന്ന യുദ്ധങ്ങൾക്ക് ഇരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായ സഡാക്കോ സസക്കി എന്ന പെൺകുട്ടിയുടെ പേരിലുള്ള ജപ്പാനിലെ ഹിരോഷിമയിലുള്ള സമാധാന സ്മാരകത്തിലേക്ക് ഹിരോഷിമ ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച് ഒപ്പ് വെച്ച് കോഴിക്കോട് ജില്ലാ കലക്ടർ എസ്.സാംബശിവറാവുവിൽ നിന്ന് ഏറ്റുവാങ്ങിഅയച്ചു കൊടുത്ത ആയിരം സഡാക്കോ കൊക്കുകൾ ജപ്പാനിലെ ഇൻറർനാഷണൽ പീസ് പ്രമോഷൻ ഡിപ്പാർട്ട്മെൻറ് അധികൃതർ സമാധാന സ്മാരകത്തിൽ ചാർത്തുന്നതിന്റെ ഫോട്ടോയും, അഭിനന്ദന കത്തും വിദ്യാലയ അധികൃതർക്ക് ലഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾ സമാധാന സ്മാരകത്തിലേക്ക് നിർമ്മിച്ച് അയച്ചു കൊടുത്ത പേപ്പർ കൊക്കുകൾക്കൊപ്പം വന്മുകം-എളമ്പിലാട് സ്കൂളിന്റെ കൊക്കുകളും സ്ഥാനം പിടിച്ചു. ജപ്പാൻ ഇൻറർനാഷണൽ പീസ് പ്രമോഷൻ കൗൺസിൽ മേയർ മാസനോബു മുറാകാമി ഈ വിദ്യാലയത്തിലേക്ക് അയച്ച അഭിനന്ദന കത്തിൽ യുദ്ധ ഭീകരതകൾക്കെതിരെയുള്ള ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുന്നതോടൊപ്പം ലോക സമാധാനത്തിന് വേണ്ടി ഇത്തരം വേറിട്ട പ്രവർത്തനങ്ങൾക്ക് ഇനിയും നേതൃത്വം നൽകണമെന്നും പറഞ്ഞു.

