ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി

വെള്ളറട: ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലിവിളവീട്ടില്‍ പരേതനായ മുത്തുസ്വാമിയുടെ ഭാര്യ മേരി (68), മൂത്തമകന് ജോണ്‍ (42) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്. വെള്ളറട എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. വീടിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപൊളിച്ചാണ് പൊലീസ് വീട്ടിനുള്ളില്‍ കടന്നത്. പൊലീസ് എത്തിയപ്പോഴേക്കും അമ്മയും മകനും മരിച്ചിരുന്നു.

മകന്റെ കാല് മേശയുടെ കാലുമായും അമ്മയുടെ കാല് കട്ടിലിന്റെ കാലുമായും വൈദ്യുതി കമ്ബികള്കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. കടബാധ്യതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

മേരിക്ക് ഏഴു മക്കളാണ്. അവിവാഹിതനായ മകന് ജോണിനൊപ്പമാണ് മേരി താമസിച്ചു വന്നത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ജോണും അമ്മയും ജോലിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി മലപ്പുറത്തായിരുന്നു താമസം. എന്നാല്‍, കഴിഞ്ഞ ഓണത്തിന് നാട്ടില്‍ എത്തിയശേഷം തിരികെ പോയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

പനച്ചമൂട്ടിലെ ഒരു സഹകരണബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ അമ്മയും മകനും ചേര്‍ന്ന് വായ്പയെടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ പലിശ സഹിതം കടം ഒരു ലക്ഷത്തിഅറുപതിനായിരം രൂപയായി. ഇതോടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്കി. ജപ്തി ഭീഷണിയുമായി ബന്ധപ്പെട്ട് ഇരുവരും ഏറെ നാളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
വെള്ളറ പൊലീസ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിന്‍സന്റ്, ബെര്ണദാസ്, ശാന്തി, റാണി, കുമാരി, ക്രിസ്തുരാജന് എന്നിവര്‍ മേരിയുടെ മറ്റ് മക്കളാണ്.
