KOYILANDY DIARY.COM

The Perfect News Portal

ചിരിച്ച‌് യാത്ര പറഞ്ഞു… ഇനി തിരികെയില്ല’; ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നളിനിയമ്മയുടെ കൊച്ചുമകന്റെ വാക്കുകള്‍

കൊച്ചി: ‘നളിനിയമ്മയുടെ അനുജത്തിയുടെ മകളുടെ കുട്ടിയുടെ വിവാഹമായിരുന്നു ഡല്‍ഹിയില്‍. ഗാസിയാബാദില്‍ എട്ടിനായിരുന്നു വിവാഹം. അതിനുശേഷം ഡല്‍ഹി ചുറ്റിക്കാണണം… 17ന് തിരിച്ചുവരണം… അതായിരുന്നു പരിപാടി. തിങ്കളാഴ്ച അവര്‍ താജ്മഹലിലൊക്കെ പോയി. ചൊവ്വാഴ‌്ച അമൃത‌്സറില്‍ പോകാനിരുന്നതാണ്… പക്ഷേ…’ മനീഷ്‌കുമാറിന്റെ വാക്കുകള്‍ ഇടറി. ഡല്‍ഹിയിലെ കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടെ കൊച്ചുമകനാണ് മനീഷ്‌കുമാര്‍.

നളിനിയമ്മയുടെ മൂത്തമകന്‍ പരേതനായ ശശിധരന്റെ മകനാണ് ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥനായ മനീഷ്‌കുമാര്‍. രണ്ടാഴ്ചമുമ്ബ് മനീഷ്‌കുമാറിന്റെ മുത്തച്ഛന്‍ മരിച്ചു.തുടര്‍ന്നാണ‌് ഡല്‍ഹി യാത്രയില്‍നിന്ന് ദേവിയും മനീഷ്‌കുമാറും ഭാര്യയും വിട്ടുനിന്നത്. അല്ലെങ്കില്‍ കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോയ സംഘത്തില്‍ ഇവരും ഉണ്ടാവുമായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമുണ്ടായിരുന്ന പതിമൂന്നംഗ സംഘത്തില്‍ മൂന്നുപേര്‍ മരിച്ചുവെന്നത് മനീഷിനും കുടുംബത്തിനും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല.

നളിനിയമ്മയും രണ്ടാമത്തെ മകന്‍ വിദ്യാസാഗറും നാലാമത്തെ മകള്‍ ജയശ്രീയുമാണ് മരിച്ചത്. വിദ്യാസാഗറിന്റെ ഭാര്യ മാധുരി, മകന്‍ വിഷ്ണു, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കര്‍, മൂന്നാമത്തെ മകന്‍ സോമശേഖരന്‍ ഭാര്യ ബീന, മകള്‍ സുധ, ഭര്‍ത്താവ് സുരേന്ദ്രന്‍, നളിനിയുടെ ചേച്ചിയുടെ മകള്‍ സരസ്വതി, ഭര്‍ത്താവ് വിജയകുമാര്‍, മകന്‍ ശ്രീകേഷ് എന്നിവര്‍ ഒരുമിച്ച്‌ ഏഴിനാണ് ഡല്‍ഹിയിലെത്തിയത്. ഇവരുടെ ഓരോ വിശേഷങ്ങളും ഫോണിലൂടെ മനീഷ്‌കുമാറും കുടുംബവും അറിയുന്നുണ്ടായിരുന്നു. അതെല്ലാം നേരില്‍ കേള്‍ക്കാനുള്ള കാത്തിരിപ്പിലായിരുന്നു ഇവര്‍.

Advertisements

ചൊവ്വാഴ്ച പുലര്‍ച്ചെ സോമശേഖരന്റെ ഫോണ്‍വിളി എത്തിയപ്പോഴാണ് തീപിടിത്തത്തെക്കുറിച്ച്‌ അറിഞ്ഞത്. വിദ്യസാഗറിനെയും നളിനിയെയും കാണാനില്ലെന്നറിഞ്ഞപ്പോള്‍ എവിടെയെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. പിന്നീടുള്ള വിവരങ്ങളറിഞ്ഞത് ചാനലുകളിലൂടെയാണ്.

സന്തോഷകരമായ ഓര്‍മയായി മാറേണ്ടിയിരുന്ന ഡല്‍ഹിയാത്ര ദുരന്തമായി മാറിയ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ജയശ്രീ ഒഴികെ നളിനിയുടെ മക്കളെല്ലാവരും ചേരാനല്ലൂരില്‍ അടുത്തടുത്താണ് താമസിക്കുന്നത്. ഡല്‍ഹിയില്‍ പോകുന്നതിനുമുമ്ബേ അയല്‍വാസികളോടെല്ലാം ഇവര്‍ യാത്രപറഞ്ഞിരുന്നു. ചിരിച്ച്‌ യാത്രപറയുന്ന മുഖങ്ങളാണ് അയല്‍ക്കാരുടെ മനസ്സില്‍. ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.15-നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ബുധനാഴ്ച കൊച്ചിയിലെത്തും.

ഞെട്ടല്‍ മാറാതെ സോമശേഖരന്‍
കൊച്ചി
ഒരുമിച്ചുള്ള ഡല്‍ഹിയാത്രയില്‍ അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട ഞെട്ടലിലാണ് സോമശേഖരന്‍. നളിനിയമ്മയുടെ മൂന്നാമത്തെ മകനാണ് എല്‍ഐസി തൃപ്പൂണിത്തുറ ബ്രാഞ്ച് അസി. മാനേജരായ സോമശേഖരന്‍. യാത്രയിലും അപകടമുണ്ടായപ്പോഴും അവര്‍ക്കൊപ്പം ഇദ്ദേഹമുണ്ടായിരുന്നു. മോര്‍ച്ചറിയില്‍ അമ്മയുടെയും സഹോദരങ്ങളുടെയും മൃതദേഹങ്ങള്‍ക്കൊപ്പം നില്‍ക്കുമ്ബോഴും പ്രിയപ്പെട്ടവരുടെ മരണം സോമശേഖരന് ഉള്‍ക്കൊള്ളാനായിട്ടില്ല.

വിവാഹത്തിനുശേഷം ഡല്‍ഹിയിലെ പലയിടങ്ങളും സന്ദര്‍ശിച്ചു. ആ​ഗ്ര ഫോര്‍ട്ടും താജ്മഹലും കണ്ടു. അര്‍പ്പിത് പാലസ് ഹോട്ടലില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ മുറിയൊഴിഞ്ഞ് അമൃത‌്സറിലേക്ക് പുറപ്പെടാനായിരുന്നു തീരുമാനം. ഇതനുസരിച്ച്‌ പുലര്‍ച്ചെ എല്ലാവരും ഉണര്‍ന്നു. യാത്രയുടെ ഒരുക്കം തുടങ്ങുന്നതിനിടെ പൊടുന്നനെയാണ് തീപിടിത്തമുണ്ടായത്. എന്താണ് സംഭവിച്ചതെന്നുപോലും ആദ്യം മനസ്സിലായില്ല. തീപിടിത്തമാണെന്നറിഞ്ഞതോടെ എല്ലാവരും ചിതറിയോടി. ചിലര്‍ രക്ഷപ്പെടാന്‍ ഹോട്ടലിനു മുകളില്‍നിന്നു ചാടി.
നാലു മുറികളിലായാണ‌് 13 പേരും താമസിച്ചിരുന്നത‌്. പുക നിറഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായി ഓടി. നളിനിയും ജയശ്രീയും മുറിയില്‍ നിന്നിറങ്ങിയെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവരുടെ കരച്ചില്‍ കേട്ട‌് ഓടിയെത്തിയ വിദ്യാസാഗറിനും പുറത്തുകടക്കാനായില്ല. മുറിയില്‍നിന്ന‌് ഇറങ്ങാതിരുന്നെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെട്ടേനെ.

കൂടെയുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സോമശേഖരന്‍. നളിനിയമ്മയെയും വിദ്യാസാഗറിനെയും ജയശ്രീയെയും കാണാതായതോടെ പരിഭ്രമമായി. സഹോദരി ജയശ്രീയുടെ മരണം സ്ഥിരീകരിച്ചതോടെ പരിഭ്രമം കരച്ചിലിന‌ു വഴിമാറി.
ഇതിനിടയില്‍ പുക ശ്വസിച്ചതിനെത്തുടര്‍ന്ന് സോമശേഖരന്റെ ഭാര്യ ബീനയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് നളിനിയമ്മയുടെയും സഹോദരന്‍ വിദ്യാസാഗറിന്റെയും മരണം സ്ഥിരീകരിച്ചത്. സംഘത്തിലെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണ്. മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറിയില്‍.

പനേലില്‍ കുടുംബത്തിന്റെ ദുരന്തം വിശ്വസിക്കാനാവാതെ അയല്‍വാസികള്‍
എ എസ‌് ജിബിന
കൊച്ചി
”ഡല്‍ഹിയിലെ വിവാഹവും തുടര്‍ന്നുള്ള യാത്രയെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെയാണ് പനേലില്‍ കുടുംബം ഡല്‍ഹിക്ക് പോയത്. ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നറിയില്ലായിരുന്നു…” വിദ്യാസാഗറിന്റെ അയല്‍വാസി ഡോ. ഷൈനി വിത്സന്‍ പറയുമ്ബോള്‍ വാക്കുകള്‍ മുറിയുന്നു. പനേലില്‍ കുടുംബത്തിനുണ്ടായ അപകടം ഷൈനിയടക്കമുള്ള അയല്‍വാസികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അമ്മയെകൂടി യാത്രയില്‍ കൂട്ടുന്നുവെന്നും വിവാഹത്തിനും യാത്രയ്ക്കുംശേഷം 17ന് തിരിച്ചെത്തുമെന്നും അയല്‍വാസികളോട് പങ്കുവച്ചിരുന്നു. നളിനിയമ്മയുടെ യാത്ര വീല്‍ചെയറിലായിരുന്നു. വിശേഷങ്ങളും ഫോട്ടോകളും പനേലില്‍ കുടുംബാംഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കളും അയല്‍വാസികളും അറിയുന്നുണ്ടായിരുന്നു. ചാനലിലൂടെ അപകടവാര്‍ത്തയറിഞ്ഞ് ചേരാനല്ലൂര്‍ രാമന്‍ കര്‍ത്ത റോഡിലെ പനേലില്‍ തറവാട്ടിലേക്ക് നിരവധിയാളുകളാണെത്തുന്നത്. രാമന്‍ കര്‍ത്തറോഡില്‍ ഇടതുവശത്താണ് മരിച്ച വിദ്യാസാഗറിന്റെ വീട്.

വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. കുറച്ചുകൂടി മുന്നിലേക്കുചെന്നാല്‍ പനേലില്‍ തറവാട്ടുവീടു കാണാം. അതും പൂട്ടിക്കിടക്കുകയാണ്. നളിനിയമ്മയുടെ മൂത്തമകനും പരേതനുമായ ശശിധരന്റെ വീട്ടിലേക്കാണ് അന്വേഷണത്തിനായി ആളുകളെത്തുന്നത്.
”ജയശ്രീയും ഞാനും സമപ്രായക്കാരാണ്. കൃഷിയിലും സംഘടനാപ്രവര്‍ത്തനത്തിലുമൊക്കെ മിടുക്കിയാണ് ജയശ്രീ. പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡൊക്കെ ലഭിച്ചിട്ടുണ്ട്”– ബന്ധുവും മരട് സ്വദേശിയുമായ ഷൈലജ പറഞ്ഞു. അപകടവാര്‍ത്തയറിഞ്ഞെത്തിയതായിരുന്നു ഇവര്‍. പനേലില്‍ തറവാടിനോടുചേര്‍ന്നാണ് ഇവരുടെ കുടുംബവീട്.

25 വര്‍ഷമായി കുവൈത്തിലായിരുന്നു വിദ്യാസാഗര്‍. ആറുമാസംമുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. ജയശ്രീ ഒഴികെ നളിനിയമ്മയുടെ ബാക്കി മക്കളെല്ലാം അടുത്തടുത്താണ് താമസം. ചോറ്റാനിക്കര കണയന്നൂര്‍ പഴങ്ങാട് കളപുരയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് ജയശ്രീ.

Share news

Leave a Reply

Your email address will not be published. Required fields are marked *