ചിങ്ങപുരത്ത് ആര്‍എസ്എസ് അക്രമം
പയ്യോളി >ചിങ്ങപുരത്ത് ആര്‍എസ്എസ് അക്രമം. ആര്.എസ്.എസ്–ബിജെപി അക്രമിസംഘം സി.പി.ഐ .എം ഓഫീസും ഗ്രന്ഥശാലയും രക്തസാക്ഷി സ്തൂപങ്ങളും തകര്‍ത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മോട്ടോര്‍ ബൈക്കിലും മറ്റുമായി എത്തിയ 20 അംഗ സംഘം ചിങ്ങപുരം പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്.
സിപിഐ എം ഓഫീസായ കേളുഏട്ടന്‍ സ്മാരക മന്ദിരത്തിന്റെ ജനല്‍ഗ്ളാസുകള്‍ തകര്‍ത്ത സംഘം വാതില്‍ പൊളിച്ച് അകത്തുകയറി കസേരകളും സീലിംങ്ഫനും സ്വിച്ച്ബോര്‍ഡും വയറിങ്ങും അടിച്ചുതകര്‍ത്തു. അമ്പതോളം കസേരകളും രണ്ട് കാരംസ് ബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചു. പാര്‍ടി ഫണ്ടിനത്തില്‍ മേല്‍ക്കമ്മിറ്റിക്ക് അടയ്ക്കാനായി സൂക്ഷിച്ച പണം അപഹരിച്ചു.ഓഫീസിനോട് ചേര്‍ന്നുള്ള നവരംഗ് ഗ്രന്ഥശാലയിലെ ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകശേഖരം നശിപ്പിച്ചു. അമൂല്യങ്ങളായ നിരവധി പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി. മറ്റ് പുസ്തകങ്ങളെല്ലാം അലമാരയില്‍നിന്നും പുറത്തിട്ടു. ഓഫീസ് വരാന്തയിലെ മാര്‍ബിള്‍ കുത്തിപ്പൊളിച്ചു. മുന്‍വശത്തെ കൊടിമരവും കുലച്ച വാഴയും നശിപ്പിച്ചു.
സികെജി ഹൈസ്കൂളിന് മുന്‍വശത്ത് ക്ഷേത്രഭണ്ഡാരത്തിന് സമീപമുണ്ടായിരുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം തകര്‍ത്തു. നവകേരള മാര്‍ച്ചിന്റെ ബോര്‍ഡ് നശിപ്പിച്ചു. കേളുഏട്ടന്‍ സ്മാരകമന്ദിരത്തിന്റെ മുകള്‍നിലയിലെ വാതില്‍ പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. എപ്പോഴും വൈദ്യുതി വെളിച്ചമുള്ള ഓഫീസിന്റെ ലൈറ്റ് തകര്‍ത്തശേഷമാണ് ഇവ തകര്‍ത്തത്. ശബ്ദം കേട്ടുണര്‍ന്ന സമീപവാസികള്‍ ലൈറ്റിട്ടതോടെ അക്രമിസംഘം രക്ഷപ്പെട്ടു. പോകുന്ന വഴിക്ക് പുതിയകുളങ്ങരയില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച രക്തസാക്ഷി സ്തൂപവും തൊട്ടടുത്തുള്ള സിപിഐ എം കൊടിമരവും തകര്‍ത്തിട്ടുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങിയ എള്ളോയത്തില് ദാമോദരന്‍നായരെ അക്രമികള്‍ കല്ലെറിഞ്ഞ് പിന്തിരിപ്പിച്ചു. ഇയാളെ ഭീഷണിപ്പെടുത്തി. വീടിനുനേരെയും കല്ലെറിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി കെ സുനില്‍ പൊലീസില്‍ പരാതി നല്കി. അക്രമസംഭവമറിഞ്ഞ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. സിഐ ആര് ഹരിദാസ്, എസ്ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് കാവലുണ്ട്. സംഭവസ്ഥലം പാര്‍ടി ജില്ലാ കമ്മിറ്റി അംഗം കെ ദാസന് എംഎല്‍എ, ഏരിയാ സെക്രട്ടറി ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി നാരായണന് എന്നിവര്‍ സന്ദര്‍ശിച്ചു.

