ചാവക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വടിവാളുകളുമായി തെരുവിൽ ഏറ്റുമുട്ടി: രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട്ട് യൂത്ത് കോണ്‍ഗ്രസ് എ-ഐ വിഭാഗങ്ങള്‍ നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ഏറ്റുമുട്ടി. വടിവാളും ഇരുമ്പുപൈപ്പുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി ബൈക്കുകള്‍ തല്ലിത്തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള കൊലവിളിയില്‍ നാടുവിറച്ചു.
അറസ്റ്റിലായ സറൂഖ്, യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മണത്തല അറയ്ക്കല്‍ രതീശന്റെ മകന് മിഥുന് (22), പ്രവര്‍ത്തകനായ ബേബിറോഡ് കൊട്ടിലിങ്ങല്‍ സിറാജുദ്ദീന്റെ മകന് ഷാക്കിര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഐ വിഭാഗം പ്രവര്‍ത്തകരാണ് ഇരുവരും. മിഥുന്റെ വലതുകാലിനും ഷാക്കിറിന്റെ ഇടതു കൈയ്ക്കുമാണ് പരിക്കേറ്റത്. വടിവാള്‍ വീശുന്നതിനിടെ മിഥുന്റെ പുറത്തും പരിക്കേറ്റു. ഇരുവരും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കെ. എസ്. യു. ജില്ലാ ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് പ്രവര്‍ത്തകനുമായ എ എസ് സറൂഖിനെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സറൂഖിനെ റിമാന്‍ഡ് ചെയ്തു. സറൂഖ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 10.30.ഓടെയാണ് സംഭവം. തിരുവത്ര ബേബിറോഡിന് സമീപമാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മിഥുനെയും ഷാക്കിറിനെയും ഇരുപ്പുപൈപ്പുകളും വടിവാളുമായി എത്തിയ ഏഴംഗസംഘം ആക്രമിച്ചെന്നാണ് ഐ വിഭാഗം പറയുന്നത്. എന്നാല്‍ തങ്ങളെ ഐ ഗ്രൂപ്പുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എ വിഭാഗം ആരോപിക്കുന്നത്. ബൈക്കുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. സറൂഖിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്കിയ മൊഴിയിലാണ് സറൂഖിനെ അറസ്റ്റ് ചെയ്തത്.

ബേബിറോഡ് സ്വദേശികളായ റഫീദ്, ഫൈസല്‍, അസ്ലം എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ചാവക്കാട് തിരുവത്രയില്‍ മുമ്പ് ഗ്രൂപ്പുപോരിനെത്തുടര്ന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന് എ സി ഹനീഫ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള ഗ്രൂപ്പുപോരാണ് വീണ്ടും അടിയില്‍ കലാശിച്ചത്.
