ഗോപിനാഥ് മുണ്ടെയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം

മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു.
2014 ല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് മുണ്ടെ വാഹനാപകടത്തില്‍ മരിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്നും താനുള്‍പ്പെടെയുള്ളവരാണ് മെഷീനുകള്‍ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയതെന്നും യു.എസ് ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയീദ് ഷുജ ലണ്ടനില്‍ നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാവുന്നതിനാലും പുറത്തുപറയുമെന്ന് പേടിയുള്ളതുകൊണ്ടുമാണ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.

ഈ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച മുണ്ടെയുടെ അനന്തരവനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ സംഭവം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. റോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജി വിഷയം അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുണ്ടെയെ സ്‌നേഹിക്കുന്ന എല്ലാവരും അത് ഒരു അട്ടിമറിയാണെന്ന് സംശയച്ചിരുന്നു, ഈ വെളിപ്പെടുത്തലോടെ അത് വീണ്ടും ശക്തമായി-അദ്ദേഹം പറഞ്ഞു.

