ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സേന
ഷില്ലോംഗ്: മേഘാലയില്‍ ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി ദേശീയ ദുരന്ത നിവാരണ സേന. ഖനിക്ക് സമീപത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാലാണ് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ ദുരന്ത നിവാരണ സേന എത്തിയത്.
ശുഭവാര്‍ത്ത നല്കാന് ഇനി സാധിക്കും എന്ന് കരുതുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സന്തോഷ് സിംഗ് അറിയിച്ചു. ഖനിക്ക് സമീപം നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തൊഴിലാളികള്‍ മരിച്ചതായും മൃതദേഹം അഴുകി തുടങ്ങിയതിന്റെ ദുര്‍ഗന്ധമായിരിക്കും പുറത്തുവരുന്നത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 13 നാണ് 15 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. എന്നാല്‍ ഇതുവരെ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളം വറ്റിക്കുന്നതിനായി പത്ത് 100-എച്ചിപി പമ്ബുകള്‍ നല്‍കണം എന്ന് ദുരന്ത നിവാരണം സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതിന് മറുപടി ഒന്നുംതന്നെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്നു പോലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതൊക്കെയാണ് രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നത്.

