ക്ഷമക്കൊരതിരുണ്ട്: എം. ടി. രമേശ്

തിരുവനന്തപുരം: ബിജെപി ഒാഫീസിലെ ആക്രമണം പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംഭവത്തില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്നും രമേശ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ കണ്ണൂര്‍ ലോബി കാരായി രാജനും പി ജയരാജനുമാണെന്നും സംശയിക്കുന്നുണ്ടെന്നും രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
അക്രമി സംഘത്തിന് ഗെയ്റ്റ് തുറന്ന് കൊടുത്തത് പൊലീസാണ്. ഒരു പൊലീസുകാരന്‍ മാത്രമാണ് തടഞ്ഞതെന്നും രമേശ് പറഞ്ഞു. ബിജെപിക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്ഷമയ്ക്ക് ഒരതിരുണ്ടെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ എന്താണ് പറാനുള്ളതെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണ്. ആക്രമികള്‍ ആരെന്ന് പകല്‍പോലെ വ്യക്തമായ സാഹചര്യത്തില്‍ അവരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാണോ എന്നും രമേശ് ചോദിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തു. കുമ്മനം രാജശേഖരന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നു. ഇത് കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ക്കുകയുണ്ടായി. ഇതിന് ശേഷവും ആക്രമണം തുടര്‍ന്നു.

