KOYILANDY DIARY.COM

The Perfect News Portal

കോഴവാങ്ങി പ്രവേശനം നല്‍കുന്ന രീതി വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊല്ലം > കോഴവാങ്ങി പ്രവേശനം നല്‍കുന്ന പ്രവണത വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവേശനത്തിന് പണം വാങ്ങുന്നത് അഴിമതിയുടെ ഗണത്തില്‍പെടുന്ന കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനലൂര്‍ ശ്രീനാരായണ കോളേജ് കനകജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള മിടുക്ക് മാനദണ്ഡമാക്കി വേണം പ്രവേശനം. അച്ഛനമ്മമാരുടെ കൈവശം പണമില്ലെന്ന കാരണംകൊണ്ട് ഒരാള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് എല്ലാതലത്തിലും വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം നിലനിന്നിരുന്നു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതോടെയാണ് അധാര്‍മികസംസ്കാരം വളര്‍ന്നത്.

കുട്ടികളെ കാശുവാങ്ങാതെ പഠിപ്പിച്ച മാനേജ്മെന്റുകളും പ്രവേശനത്തിന് ലക്ഷങ്ങള്‍ വാങ്ങിത്തുടങ്ങി. ഇത് അംഗീകരിക്കാനാകില്ല. ജാതി-മത, ധനിക- ദരിദ്ര ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ഗുരുദര്‍ശനം ഉയര്‍ത്തിക്കൊണ്ടുവരണം.

Advertisements

പൊതുവിദ്യാഭ്യാസരംഗത്തെ യശസ്സിലേക്ക് ഉയര്‍ത്താനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ എട്ടുമുതല്‍ 12വരെയുള്ള ക്ളാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്കൂളുകളെ ഹൈടെക് പദവിയിലേക്ക് ഉയര്‍ത്തും. ഏറ്റവും പ്രധാനം എല്‍പി, യുപി സ്കൂളുകളുടെ സംരക്ഷണമാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ സമീപത്ത് താമസിക്കുന്നവര്‍പോലും മക്കളെ സ്വകാര്യ സ്കൂളുകളില്‍ വിടുന്ന പ്രവണതയാണ്. സര്‍ക്കാര്‍ സ്കൂളുകളെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടാകണം. അതിനായി സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, പിടിഎ, ജനപ്രതിനിധികള്‍, വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ സഹായം തേടണം. അധ്യാപകരുടെ സേവനം മെച്ചപ്പെടുത്താന്‍ പരിശീലനം നല്‍കും- മുഖ്യമന്ത്രി പറഞ്ഞു. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായി.

Share news