കോന്നിയില്‍ അര്‍ദ്ധരാത്രി ആന വിരണ്ടോടി

കോന്നി: അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തില്‍ തളച്ചിരുന്ന നീലകണ്ഠന്‍(40) എന്ന ആനയാണ് വിരണ്ടോടിയത്. എലിയറയ്ക്കല്‍ – കല്ലേലി റോഡില്‍ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയായിരുന്നു ആനയുടെ ഓട്ടം.
എലിയറയ്ക്കല്‍ – കല്ലേലി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും സ്കൂട്ടറും തകര്‍ത്ത ആന പിന്നീട് തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂര്‍പാലത്ത് എത്തി. ഈ വഴിയിലൂടെയുള്ള ഓട്ടത്തിനിടെ ഒരു കാറാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. ചൈനാമുക്കില്‍ ഒരു കാറും മഠത്തില്‍കാവില്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്ത് വീണ്ടും മരൂര്‍പ്പാലത്തെത്തി. തുടര്‍ന്ന് ഐരവണ്‍ പുതിയകാവ് ക്ഷേത്രത്തിന്റെ എതിര്‍വശത്ത് എത്തി.

ഈ സമയമത്രയും ആനയുടെ പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പാപ്പാന്‍ അരുവാപ്പുലം മിച്ചഭൂമിയില്‍ മനുവിനെ പൊലീസ് കണ്ടെത്തി കൊണ്ടു വന്ന ശേഷമാണ് ആനയെ തളയ്ക്കാനായത്. രാത്രിയായതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാതെ വന്നതാണ് പരിഭ്രാന്തിക്ക് ഇടയായത്. സംഭവത്തില്‍ വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അന്വേഷണം നടത്തി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ആന ഇപ്പോള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടുമാസം മുന്‍പും നീലകണ്ഠന്‍ വിരണ്ടോടിയിരുന്നു. മാര്‍ച്ച് ഒന്‍പതിനാണ് പന്തളം നരിയാപുരത്ത് വച്ച് ആന വിരണ്ടോടിയത്. കാറുകളും മതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ പിന്നീട് തളച്ചു. പുലര്‍ച്ചെ 4ന് ആയിരുന്നു സംഭവം. ഉത്സവത്തിനു ശേഷം നരിയാപുരത്ത് എത്തിച്ചപ്പോള്‍ തെരുവുനായ കുരച്ചുകൊണ്ട് കുറുകെ ചാടിയതാണ് ആന വിരണ്ടോടാന്‍ കാരണമായത്. വനമേഖലയായതിനാല്‍ കാട്ടുപന്നിയെയോ മറ്റോ കണ്ടതാവാം ആന അക്രമാസക്തനാകാന്‍ കാരണമെന്നു കരുതുന്നു.

