കൊല്ലം ചിറ നവീകരണ പ്രവൃത്തി മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി 3 കോടി 27 ലക്ഷം രൂപ ചിലവഴിച്ച് കൊല്ലം ചിറ നവീകരിക്കുന്നതിന്റെ പ്രവൃത്തി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ സഹസ്ര സരോവരം പദ്ധിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയിൽ നബാർഡിൽ നിന്ന് 3.27 കോടി രൂപ കടമെടുത്താണ് സംസ്ഥാന ഗവർമെന്റ് പദ്ധതി നടപ്പിലാക്കുന്നത്.
പത്തര ഏക്കർ വിസ്തൃതിയിലുള്ള കൊല്ലം ചിറ പതിറ്റാണ്ടുകളായി നവീകരിക്കാതെ നാശത്തിന്റെ വക്കിലായിരുന്നു. ചിറയ്ക്ക് ചുറ്റുമതിൽ നിർമ്മാണം, 3 മീറ്റർ വീതിയിൽ നടപ്പാത, പൊട്ടിപ്പൊളിഞ്ഞ സ്റ്റെപ്പുകൾ പുതുക്കി പണിയൽ, പായലുകൾ നീക്കം ചെയ്ത് 2 മീറ്ററിലധികം ആഴം കൂട്ടൽ, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ എന്നീ പ്രധാനപ്പെട്ട വർക്കുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

ഉദ്ഘാടനത്തിന് രൂപീകരിച്ച സ്വാഗതസംഘം കമ്മിറ്റി സി.പി.ഐ.(എം)ന്റെ നേതാക്കളെ പങ്കെടുപ്പിക്കാത്തതിനെചൊല്ലി വ്യാപകമായ വിമർശനമാണ് ഉയർന്നത്. പ്രാദേശിക പാർട്ടികളുടെ നേതാക്കളുടെ പേര് നോട്ടീസിൽ പ്രിന്റ് ചെയ്ത് വന്നപ്പോൾ സി.പി.ഐ.(എം)നെ പൂർണ്ണമായി തഴഞ്ഞതായി ചിലർ പരാതിപ്പെട്ടു. സംഭവത്തിൽ കെ. ദാസൻ എം.എൽ.എ. പ്രതിഷേധം രേഖപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞത്.

ചടങ്ങിൽ കെ. ദാസൻ എം. എൽ. എ. അദ്ധ്യക്ഷതവഹിച്ചു. വടകര പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യതിഥിയായി. ഇ. കെ. വിജയൻ എം.എൽ. എ, കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മുൻ കൃഷി മന്ത്രി കെ. പി. മോഹനൻ, മലബാർ ദേവസ്വം ബോർഡ് കൺവീനർ കെ. മുരളി, ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശശികുമാർ പേരാമ്പ്ര. കൗൺസിലർമാരായ ബുഷറ കുന്നോത്ത്, സ്മിത തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ജനറൽ കൺവീനർ കെ. ചിന്നൻ നായർ സ്വാഗതവും യു. വി. കുമാരൻ നന്ദിയും പറഞ്ഞു.

