കൊയിലാണ്ടി സ്റ്റേഡിയം അടുത്ത വർഷത്തൊടെ പുൽമൈതാനമാക്കും

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം അടുത്ത വർഷത്തൊടെ പുൽ മൈതാനമാക്കി മാറ്റുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.പി.ദാസൻ. എ.കെ.ജി.ഫുട്ബാൾ ടൂർണ്ണമെൻറ് ഭാരവാഹികൾക്കാണ് ഇത് സംബന്ധിച്ച് അദ്ദേഹം ഉറപ്പു നൽകിയത്. കൊയിലാണ്ടി സ്റ്റേഡിയം കടുത്ത അവഗണന നേരിടുകയാണ്. 21. 2. 2001 ലാണ് കൊയിലാണ്ടി സ്പോർട്സ കൗൺസിൽ സ്റ്റേഡിയം അന്നത്തെ കായിക മന്ത്രി വി.സി. കബീർ ഉൽഘാടനം ചെയ്തത്.
മൈതാനം പുല്ല് വെച്ച് മനോഹരമാക്കുമെന്ന് മന്ത്രി അന്ന് പ്രസ്താവിച്ചിരുന്നെങ്കിലും യാഥാർത്ഥ്യമായില്ല. വർഷത്തിൽ സ്കൂൾ മീറ്റുകളടക്കം നിരവധി കായിക മൽസരങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കായിക താരങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ കൊയിലാണ്ടിയിലെ സ്പോർട്സ് പ്രേമികളും, കായിക സംഘടനകളും നിരവധി തവണ നൽകിയിരുന്നു.

എന്നാൽ സ്പോർട്സ് കൗൺസിൽ ഈ ആവശ്യത്തിനു നേരെ കണ്ണടക്കുകയായിരുന്നു. അതേ അവസരത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നിന്നും കടമുറികളുടെ വാടകയിനത്തിൽ ലക്ഷങ്ങളാണ് എല്ലാ മാസവും കൗൺസിലിനു വരുമാനമായി ലഭിക്കുന്നത്. ടി.പി.ദാസന്റെ പ്രഖ്യാപനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

