കൊയിലാണ്ടി നഗരസഭ വികസന സെമിനാർ: വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി

കൊയിലാണ്ടി. നഗരസഭയിൽ 2019-20 വാർഷിക പദ്ധതിയിൽ കൃഷി ഉൾപ്പെടെ ഉൽപ്പാദന മേഖലയ്ക്ക് 1.25 കോടിയും, ഭവനനിർമ്മാണത്തിന് മൂന്നു കോടിയും, മാലിന്യ പരിപാലനത്തിന് 1.07 കോടിയും, പട്ടികജാതി ക്ഷേമത്തിന് രണ്ടുകോടിയും വകയിരുത്തിയ വാർഷിക പദ്ധതിക്ക് വികസന സെമിനാറിൽ അംഗീകാരം നൽകി.
ഭിന്നശേഷി വിഭാഗത്തിന് 50 ലക്ഷം രൂപയും, അംഗൻവാടി പദ്ധതികൾക്ക് ഒരു കോടി രൂപയും, വയോജന ക്ഷേമത്തിന് 70 ലക്ഷം രൂപയും, വിദ്യാഭ്യാസ മേഖലയ്ക്ക് 2 കോടി രൂപയും, വനിതാ ഘടക പദ്ധതികൾക്കായി 1.25 കോടി രൂപയും, തെരുവ് വിളക്ക് പരിപാലനത്തിന് 40 ലക്ഷം രൂപയും, പദ്ധതിക്കായി 7 കോടി രൂപ നീക്കിവച്ചു.
റോഡ് നടപ്പാത വികസന പദ്ധതികള്‍ക്കായി 7 കോടി നീക്കിവെച്ച കരട് പദ്ധതിയുടെ മൊത്തം അടങ്കല്‍ കിഫ്ബി ഫണ്ട്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വായ്പകൾ, ഗുണഭോക്തൃവിഹിതം എന്നിവ ഉൾപ്പെടെ 50 കോടി വരും. പദ്ധതി വിഹിതം 20 കോടിയും, തനത് ഫണ്ട് വിഹിതവും ഇതിലുൾപ്പെടുന്നു. ആയിരം വീടുകളുടെ പൂർത്തീകരണം, പുതിയ ഷോപ്പിംഗ് കോംപ്ലക്സ്, കൊല്ലം മത്സ്യമാർക്കറ്റ്, നഗരവൽക്കരണം എന്നിവയൊക്കെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.
17 വികസന മേഖലകളായി നടന്ന ചർച്ചകൾക്ക് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി സുന്ദരൻ മാസ്റ്റർ, കെ ഷിജു മാസ്റ്റർ, ദിവ്യ സെൽവരാജ്, വി കെ അജിത, ആസൂത്രണസമിതി ഐ ഫെസിലിറ്റേറ്റര്‍മാർ, കൗൺസിലർമാർ, ഐസലേറ്റർമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചകള്‍ക്ക് നേതൃത്വം നൽകി.
നഗരസഭാ ഇ.എം.എസ്. ടൗൺ ഹാളിൽ വെച്ച് നടന്ന സെമിനാർ ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൻ വി കെ പത്മിനി അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്കരൻ സ്വാഗതവും, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു. ആസൂത്രണസമിതി ചെയർമാൻ സുധാകരൻ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ പാർട്ടി ലീഡർമാരായ യു. രാജീവൻ മാസ്റ്റർ, എം സുരേന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, കെ വി സുരേഷ് എന്നിവർ സംബന്ധിച്ചു
