കെ സി നായരുടെ നാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു

കുന്നമംഗലം > ജില്ലയില്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ സി നായരുടെ നാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പുഷ്പാര്‍ച്ചന, അനുസ്മരണ പൊതുയോഗം എന്നിവ സംഘടിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴരക്ക് സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ബാലകൃഷ്ണന്‍നായര്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി വേലായുധന്‍, പി കെ പ്രേംനാഥ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി വേലായുധന്‍ അധ്യക്ഷനായി. ടി പി ബാലകൃഷ്ണന്‍നായര്‍, പി കെ പ്രേംനാഥ്, പി ടി എ റഹീം എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കെ ശ്രീധരന്‍ സ്വാഗതവും സി പ്രമോദ് നന്ദിയും പറഞ്ഞു.

