കെ. പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്ത്തകന് കക്കട്ടില്‍ അമ്പലക്കുളങ്ങര കെ. പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഐ എം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്ബലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന് (48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പവിത്രന്, ഫല്ഗുനന്, കെ പി രഘു, സനല്‍പ്രസാദ്, പി കെ ദിനേശന്, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി വി അശേകന് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്ബുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. 20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.

ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റൊരു കേസില്‍ ആന്ധ്രയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ദിനേശന്, മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്ക് ഹാജരാവാത്തതാണു വിചാരണ വൈകാന്‍ കാരണമായത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ ജയിലിനുള്ളില്‍ നിന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന് പ്രവീണും രണ്ടാംസാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ദിനേശനാണ് ഹാജരായത്.

