KOYILANDY DIARY.COM

The Perfect News Portal

കെ.ടി.ജലീലിന് പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:   മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങാന്‍ കഴിയുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിന് വിദേശത്ത് പോകാന്‍ നല്‍കുന്ന പാസ്പോര്‍ട്ടാണത്. കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

സൗദിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്ലരീതിയിലാണ് ഇടപെടുന്നതെന്ന് പാര്‍ലമെന്റില്‍ പോലും പ്രശംസിക്കപ്പെട്ടു. കേന്ദ്രമന്ത്രി വി.കെ.സിങ് നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. മറ്റൊരു മന്ത്രി എം.ജെ.അക്ബറും സൗദി ഭരണാധികാരികളുമായി ഇടപെട്ട് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നു. മന്ത്രി സുഷമസ്വരാജ് എല്ലാത്തിനും നേതൃത്വം നല്‍കുന്നു. സൗദിയില്‍ ചെന്ന് ഒരു സംസ്ഥാനമന്ത്രി ഒരു നയതന്ത്രവിഷയത്തിലും ഇടപെടാനോ പരിഹരിക്കാനോ കഴിയില്ല. 14 സംസ്ഥാനങ്ങളിലെ പൗരന്മാര്‍ സൗദിയില്‍ പ്രശ്നത്തില്‍ പെട്ടിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ക്കും ഡിപ്ലോമാറ്റിക് വിസ നല്‍കി അങ്ങോട്ടയക്കാന്‍ കഴിയുമോ എന്നും കുമ്മനം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ക്ഷീണമുണ്ടായെങ്കില്‍ അത് ചോദിച്ചുവാങ്ങിയതാണ്. സൗദിയില്‍ നേരത്തെ പ്രശ്നമുണ്ടായപ്പോള്‍ അവിടെ പോകാന്‍ നോര്‍ക്ക മന്ത്രിയായിരുന്ന കെ.സി.ജോസഫ് നിശ്ചയിച്ചെങ്കിലും അനുമതി നിഷേധിച്ച കാര്യം കുമ്മനം ചൂണ്ടിക്കാട്ടി.

Advertisements
Share news