KOYILANDY DIARY.COM

The Perfect News Portal

കൂരാച്ചുണ്ട് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

കൂരാച്ചുണ്ട്‌: തുടരുന്ന പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ യു.വി. ജോസ് വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ തീരുമാനം. എം.കെ. രാഘവന്‍ എം.പി.യുടെ സാന്നിധ്യത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നത്.

യോഗത്തിനിടെ പനിബാധിച്ച് പഞ്ചായത്തിലെ ഒരാള്‍ കൂടി മരിച്ചതായി വിവരമെത്തി. അതോടെ ഇനിയൊരു പനിമരണവും ഉണ്ടാകരുതെന്ന വികാരമാണ് ചര്‍ച്ചയില്‍ മുഴുവന്‍ നിറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും പനിയോടെയാണ് യോഗത്തില്‍ പങ്കെടുത്തത്.

വ്യാഴാഴ്ച മുതല്‍ ഒരാഴ്ച വൊളന്റിയര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് തീവ്രയജ്ഞപ്രവര്‍ത്തനം നടത്തും. വിവിധ ആരോഗ്യവിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ഉറപ്പാക്കും. കൊതുകുനശീകരണമുള്‍പ്പടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും വീടുകള്‍ തോറും ഇത് പൂര്‍ണമായി നടന്നിട്ടില്ലെന്ന് വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വീട്ടിലും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ശുചീകരണത്തില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചത്.

Advertisements

പഞ്ചായത്തംഗങ്ങള്‍ നേതൃത്വം നല്‍കുന്ന വിവിധ സ്‌ക്വാഡുകള്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തനത്തിറങ്ങും. ഇതിന് മുന്നോടിയായി പഞ്ചായത്തംഗങ്ങളുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ക്ക് രൂപം നല്‍കി. വാര്‍ഡ് തലത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ യോഗവും നടന്നു.

ജില്ലയിലെ വിവിധ സ്വകാര്യ ആസ്​പത്രികളില്‍നിന്ന് കൂരാച്ചുണ്ട് ആസ്​പത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ 20 ദിവസത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചതായി കളക്ടര്‍ യോഗത്തെ അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആസ്​പത്രിയിലും രണ്ട് ഡോക്ടര്‍മാര്‍ 15 ദിവസത്തെ സേവനം നല്‍കും. ടീമിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആസ്​പത്രിയില്‍ ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ഡങ്കിപ്പനി ബാധിച്ച കുടുംബങ്ങളെ സഹായിക്കാന്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എം.കെ. രാഘവവന്‍ എം.പി. വ്യക്തമാക്കി. കൂരാച്ചുണ്ട് ആസ്​പത്രിയില്‍ ലാബ്ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് പരിശോധനാസൗകര്യം ഒരുക്കുമെന്ന് ലാബ് ഉടമകളുടെ സംഘടനാഭാരവാഹികള്‍ ഉറപ്പ് നല്‍കി. മറ്റ് ആസ്​പത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ എത്തിക്കാന്‍ കെ.എം.സി.സി. ആംബുലന്‍സ് സൗകര്യവും കൂരാച്ചുണ്ടില്‍ ഒരുക്കിയിട്ടുണ്ട്.

ഡി.എം.ഒ. ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ. അമ്മത്, ഡോ. കെ.എസ്. ദിവ്യ, ഡോ. ഷാരോണ്‍, ഡോ. അനുജ, ഫാ. കുര്യാക്കോസ് ഐ കൊളമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *