കുടുംബശ്രീ ഹോം ഷോപ്പ് ഒമ്പതാം വയസ്സിലേക്ക്

കൊയിലാണ്ടി: ഗാന്ധിജിയുടെ ‘സ്വാശ്രയ ഗ്രാമം’ എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചും എഴുന്നൂറ്റി അമ്പലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തിയും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയക്കുതിപ്പിന്റെ എട്ട് സംവത്സരങ്ങൾ പിന്നിടുകയാണ്. നമുക്കുവേണ്ടത് നമ്മുടെ നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടും, പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപഭോഗം ഒരു ജീവിത സംസ്കാരമാക്കി മാറ്റാൻ ശ്രമിച്ചും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പുവരുത്തിക്കൊണ്ട് ഉൽപാദന രംഗത്തും വിതരണ രംഗത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് 2010 ജൂലൈ 29-ന് കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി കേന്ദ്രമാക്കി പദ്ധതിക്ക് തുടക്കമിട്ടത്.
4 ഉൽപ്പാദന യൂണിറ്റുകളും 9 ഉൽപ്പന്നങ്ങളും 25 ഹോം ഷോപ്പ് ഓണർമാരുമായി തുടങ്ങിയ പദ്ധതിയിൽ ഇന്ന് 38 ഉത്പാദന യൂണിറ്റുകളും 60 ഉൽപ്പന്നങ്ങളും ഉല്പാദന വിതരണ രംഗങ്ങളിൽ തൊഴിലെടുക്കുന്നവരായി 750ലധികം വനിതകളുമുണ്ട്.
പന്തലായനി, ബാലുശ്ശേരി, കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്തുകളിലേയും കൊയിലാണ്ടി, കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികളിലേയും മുഴുവൻ വാർഡുകളിലും ഹോംഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണ്. സെപ്റ്റംബർ മാസത്തോടെ മുന്നൂറിലധികം പുതിയ ഹോംഷോപ്പുകൾ കൂടി സ്ഥാപിക്കപ്പെടും. അപ്പോൾ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളുടെ എണ്ണം 1100 കവിയും. എല്ലാ അങ്ങാടികളിലും ‘ഗ്രീൻഷോപ്പു’കൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിനോടൊപ്പം തന്നെ നടന്നുവരുന്നുണ്ട്.
ആദ്യത്തെ ഗ്രീൻഷോപ്പ് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചു കഴിഞ്ഞു. ‘നല്ലതു വാങ്ങുക, നന്മ ചെയ്യുക ‘ എന്ന സന്ദേശ വാക്യമാണ് കുടുംബശ്രീ ഗ്രീൻ ഷോപ്പ് മുന്നോട്ടുവെക്കുന്നത്. അടുക്കളകളെ വിഷമുക്തമാക്കി, മായമില്ലാത്ത ഒരു വിപണി സംസ്കാരമാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.. ഒപ്പം എല്ലാ ഉൽപ്പന്നങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്നും പ്രത്യേകം ശ്രദ്ധവയ്ക്കുന്നു.
ഹർത്താലും ബന്ദും പിക്കറ്റിംഗും മാത്രമല്ല, ഉപഭോഗവും സമരം തന്നെയാണല്ലോ! ഒരു പ്രാദേശിക ഉൽപ്പന്നം വാങ്ങുകയെന്നാൽ ഒരു ബഹുരാഷ്ട്രക്കുത്തക ഉൽപ്പന്നത്തെ നിരാകരിക്കുക എന്നു കൂടി അതിനർത്ഥമില്ലേ? തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കുകയെന്നാൽ നാം പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയയിൽ പങ്കെടുക്കുന്നൂ എന്നല്ലേ ഇതിനർത്ഥം?”
ഹോം ഷോപ്പ് പദ്ധതിയുടെ പ്രസിഡണ്ട് സി.ഷീബയുടേതാണ് ഈ പ്രസക്തമായ ചോദ്യം.ബാങ്ക് ലോണും പലതരം വായ്പകളുമെടുത്ത് കൊച്ചു കൊച്ചു സംരംഭങ്ങൾ തുടങ്ങി, ജീവിതത്തോട് പൊരുതി ജയിക്കാൻ പാടുപെടുന്ന ഒട്ടേറെ വനിതകളുടെ ജീവിതസമരത്തിന് എല്ലാ വിഭാഗം ജനങ്ങളും കഴിഞ്ഞ എട്ട് വർഷങ്ങളും നൽകിവരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹോംഷോപ്പ് ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.
പദ്ധതിയുടെ ഒമ്പതാം പിറന്നാൾ സമ്മാനമായി പദ്ധതിയിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും ഇരുചക്രവാഹനങ്ങൾ നൽകുന്നതിനുള്ള പദ്ധതി കുടുംബശ്രീ സംസ്ഥാനമിഷൻ അംഗീകരിച്ചുകഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ വാർഡുകളിലും ഹോംഷോപ്പുകൾ സ്ഥാപിച്ചു അതു വഴി മൂവായിരത്തിലധികം പേരെ പദ്ധതിയിൽ അണിനിരത്തുക എന്ന ലക്ഷ്യം അധികം താമസിയാതെതന്നെ കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോംഷോപ്പ് പദ്ധതി സെക്രട്ടറി പ്രസാദ് കൈതക്കൽ പറഞ്ഞു.
കാദർ വെള്ളിയൂർ, ഷീബ സി, ഇന്ദിര കെ , സതീശൻ കെ, പ്രസാദ് കൈതക്കൽ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു മാനേജ്മെൻറ് ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഹോംഷോപ്പ് പദ്ധതിയുടെ എട്ടാം വാർഷിക ആഘോഷം 2018 ആഗസ്റ്റ് 19ന് ഞായറാഴ്ച കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വെച്ച് ഹരിത കേരളം കൺസൾട്ടന്റ് എൻ ജഗദീപൻ ഉൽഘാടനം ചെയ്യും. മുഴുവൻ ഹോംഷോപ്പ് ഉടമകൾക്കും സിഡിഎസ് ചെയർപേഴ്സൺമാർക്കും ഓണക്കോടി വിതരണം ചെയ്യും.
സാംസ്കാരിക സദസ്സ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. ഹോംഷോപ്പ് ഉടമകളുടെ കലാപരിപാടികൾ, ഓണസദ്യ, അവാർഡ് സമർപ്പണങ്ങൾ, സമ്മാന വിതരണങ്ങൾ തുടങ്ങിയവരാണ് വാർഷികാഘോഷപരിപാടികളുടെ ഉള്ളടക്കം.
