കിണറ്റില്‍ നിന്നു പിടികൂടിയ വവ്വാലില്‍ വൈറസ് ബാധയില്ലെന്ന് വ്യക്തമായെങ്കിലും കൂടുതല്‍ പരിശോധനകള്‍ തുടരും:

കോഴിക്കോട്> നിപാ വൈറസ് പടര്‍ന്നതിന്റെ ഉറവിടമെന്ന് സംശയിക്കുന്ന പേരാമ്ബ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്നു പിടികൂടിയ വവ്വാലില്‍ വൈറസ് ബാധയില്ലെന്ന് വ്യക്തമായെങ്കിലും കൂടുതല്‍ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കിണറ്റില്‍നിന്നും പിടികൂടിയ പ്രാണിയെ തിന്നുന്ന ഇനം വവ്വാലിനെയാണ് ആദ്യം പരിശോധനക്കയച്ചത്. ഇനി ഫലവര്‍ഗങ്ങള്‍ തിന്നുന്ന ഇനം വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനാണ് തീരുമാനം. വവ്വാല് കാഷ്ഠവും ശേഖരിക്കും. രോഗം ആദ്യം കണ്ടെത്തിയ മരിച്ച പേരാമ്ബ്ര സ്വദേശി മുഹമ്മദ് സാബിത്തിന് രോഗം എവിടെനിന്നു പകര്‍ന്നെന്ന പരിശോധനയും പുരോഗമിക്കുന്നു. സാബിത്ത് വിദേശത്ത്പോയിട്ടുണ്ടോയെന്നതും പരിശോധിക്കും.
അതിനിടെ, രോഗം ഇപ്പോള്‍ പടരുന്നില്ലെന്ന് വിദഗ്ധസംഘം ഉറപ്പാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും അതീവ ജാഗ്രത തുടരുമെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധിച്ച 21 പേരില്‍ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് വവ്വാലുകളുടെ സ്രവത്തിന്റെ പരിശോധനാ ഫലം വന്നത്. നാലുപേര്‍ മരിച്ച കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്ബിലെ കിണറ്റില്‍ നിന്നാണ് വവ്വാലിനെ പിടികൂടി പരിശോധനക്ക് അയച്ചത്. ഇതോടൊപ്പം വീടിനടുത്തുള്ള ആട്, പോത്ത്, പന്നി എന്നിവയുടെ സാമ്ബിളുകളും അയച്ചിരുന്നു. ഇവയിലും വൈറസിന്റെ സാന്നിധ്യമില്ല.

നിപാ ബാധയില്‍ 12 പേരാണ് ഇതുവരെ മരിച്ചത്. ഒമ്ബതുപേര്‍ കോഴിക്കോട്ടും മൂന്നുപേര്‍ മലപ്പുറത്തും. മൂന്നുപേര്‍ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. അതില്‍ ഒരാള്‍ മലപ്പുറത്തുകാരനാണ്. സംസ്ഥാനത്ത് 22 പേര് സംശയാസ്പദമായ ലക്ഷണങ്ങളുമായി ആശുപത്രികളിലുണ്ട്. അതില്‍ പത്തുപേര്‍ കോഴിക്കോട്ടാണ്.

രോഗമുള്ളവര്‍ക്കായി ഓസ്ട്രേലിയയില്‍നിന്ന് 50 ഡോസ് മരുന്ന് എത്തി. 12 പേര്‍ക്ക് നല്‍കിയതില്‍ ഫലപ്രദമെന്ന് കണ്ടെത്തി. നിപാ രോഗാണു പരക്കുന്നില്ലെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി അരുണ്‍കുമാര്‍ അറിയിച്ചു. ലോകം മുഴുവന്‍ കേരളത്തെ അത്ഭുതത്തോടെയാണ് കാണുന്നത്.
പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇതാണ് ശരിയായ കേരള മോഡലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോട് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്, എ കെ ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
