കായലാട്ട് രവീന്ദ്രൻ അവാർഡ് നിലമ്പൂർ ആയിഷക്ക്

കൊയിലാണ്ടി: പ്രശസ്ത നാടക പ്രവർത്തകൻ കായലാട്ട് രവീന്ദ്രന്റ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന് സിനിമാ നാടക നടി നിലമ്പൂർ ആയിഷ അർഹയായി. ഡിസംബർ 22 ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ അവാർഡ് സമ്മാനിക്കും.
സ്ത്രീകൾക്ക് കലാരംഗത്തേക്ക് കടന്നു വരാൻ പറ്റാത്ത കാലത്ത് യാഥാസ്തികത്വത്തിന്റെ ഉരുക്കു കോട്ടകൾ ഭേദിച്ച് 16-ാം വയസ്സിൽ നാടകത്തിൽ അരങ്ങേറി ചരിത്രത്തിൽ ഇടം നേടിയ കലാകാരി ഇന്ത്യൻ നാടകരംഗത്തിനു തന്നെ പ്രചോദനമായിരുന്നു. യാഥാസ്തിക സമൂഹത്തിന്റെ മർദ്ദനം കല്ലേറ് എന്നിവയൊക്കെ പ്രയോഗിച്ചിട്ടും അതിനെയെല്ലാം നേരിട്ട് നിരവധി നാടകങ്ങളും, 50 ഓളം സിനിമകളും, സംസ്ഥാന സർക്കാർ ഫിലിം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കായലാട്ട് രവീന്ദ്രന്റെ പേരിൽ ആറാമത്തെ അവാർഡാണിത്. ടി.വി.ബാലൻ, വിൽസൺ സാമുവൽ, മേലൂർ വാസുദേവൻ തുടങ്ങിയവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

