കല്ലുകൾ നാട്ടി: അകലാപ്പുഴയിൽ പാലം നിർമ്മാണത്തിന് ഇനി ശരവേഗം

കൊയിലാണ്ടി: സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നീണ്ട നാളുകളായി നിലനിന്നിരുന്ന അകലാപ്പുഴ പാലത്തിൻ്റെ അനിശ്ചിതത്വത്തിന് വിരാമമായി. കെ. ദാസൻ എം.എൽ.എ.യുടെ നിരന്തര പരിശ്രമമായാണ് പാലത്തിന് പുതുജീവൻ വെച്ചത്. തുറയൂർ- മുചുകുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം ഭാവിയിൽ കണ്ണൂർ വിമാനത്താവളം വരെ ബന്ധിക്കുന്ന ഏറ്റവും എളുപ്പ വഴിയായി വികസനത്തിന്റെ അനന്ത സാധ്യതകൾ തുറക്കുന്ന ഒന്നാണ്. പാലത്തിന്റെ പ്ലാനിനനുസരിച്ച് ഭൂമിയിൽ മാർക്ക് ചെയ്ത് വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലവാസികൾക്കുണ്ടായ ആശങ്കകൾ തീർത്ത് കോഴിക്കോട് ADM ന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലം വിഭാഗത്തിലെ എഞ്ചിനീയർമാർ സ്ഥലത്ത് കല്ലുകൾ നാട്ടി.
27 കല്ലുകളാണ് മാർക്ക് ചെയ്ത് നാട്ടിയത്. ഇനി ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാകും. വർഷങ്ങൾക്ക് മുമ്പേ നടക്കേണ്ടിയിരുന്ന പ്രവൃത്തിയാണ് അടിസ്ഥാനമില്ലാത്ത ആശങ്കകളിലൂടെ ഇത്രയും നാൾ വൈകിയത്. ഇതോടെ ജനങ്ങളുടെ ഏറെ നാളത്തെ അഭിലാഷമായിരുന്ന ഈ വികസന സ്വപ്നത്തിന് ഇനി കൂടുതൽ വേഗം കൈവരും.
