കല്ലട ബസിലെ പീഡന ശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കോഴിക്കോട്: കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ ജോണ്സണ് ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് തുടരുമെന്നും മന്ത്രി പറഞ്ഞു.
കല്ലട ബസ് സര്‍വീസിനെതിരെ നേരത്തെ നടപടികള്‍ സ്വീകരിച്ചതാണ്. ചട്ടലംഘനം കണ്ടെത്തിയ പലബസുകള്ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ബസുകളെല്ലാം അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ കേരളത്തിന് ഇവയുടെ പെര്‍മിറ്റ് റദ്ദാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസില്‍ തേഞ്ഞിപ്പലം കാക്കഞ്ചേരിയില്‍ വച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിലെ രണ്ടാം ഡ്രൈവറായ ജോണ്സണ് ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ സഹയാത്രികള്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

