ഒഴുകിപോയ കൃത്രിമ കൈകള്‍ക്ക് പകരം പുതിയ കൈകള്‍ നല്‍കും: മന്ത്രി കെ കെ ശൈലജ

ആലുവ: പ്രളയജലത്തില്‍ ഒഴുകിപോയ കൃത്രിമ കൈകള്‍ക്ക് പകരം പുതിയ കൈകള്‍ നല്‍കുമെന്ന് സംഗീതജ്ഞന് എസ് ഹരിഹരന്‍നായര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പ്. കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകിയോടെയാണ് സംഗീത അധ്യാപകനായ ഹരിഹരന് നായരുടെ വീട്ടിലും വെള്ളം പാഞ്ഞെത്തിയത്. ഇതോടെ 20 വര്‍ഷമായി കൂട്ടിനുണ്ടായിരുന്ന കൃത്രിമ കൈകള്‍ വെള്ളപാച്ചിലില്‍ ഒഴുകിപോയി. ഈ വാര്‍ത്തയറിഞ്ഞ മന്ത്രി സ്വാന്തനവുമായി ഇന്നലെയാണ് ഹരിഹരന് നായരുടെ കിഴക്കെ കടുങ്ങല്ലൂരിലെ വീട്ടിലെത്തിയത്.
കൃത്രിമ കൈകള്‍ നല്‍കാനായി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും അടുത്തദിവസംതന്നെ വിദഗ്ധരെത്തി അളവെടുക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ചികില്‍സക്കുള്ള ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

21-ാം വയസില്‍ ഫാക്ടറി ജോലിക്കിടെ അപകടത്തില്‍ അറ്റുപോയതാണ് ഹരിഹരന് നായരുടെ കൈകള്‍. പിന്നെ സംഗീതാധ്യാപനമായിരുന്നു ജീവിതമാര്‍ഗം. കൃത്രിമകൈകളാല് 20 വര്‍ഷംകൊണ്ട് ഹരിഹരന്നായരെഴുതിയ ശാസ്ത്രീയ സംഗീത ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതിയും പ്രളയത്തില്‍ നനഞ്ഞുപോയി.

ഹരിഹരന് നായരുടെ വീട്ടിലെത്തിയപ്പോഴാണ് നഷ്ടത്തിന്റെ ആഴം മനസിലായതെന്ന് മന്ത്രി പറഞ്ഞു. കൈയൊഴുത്ത് പ്രതി പുതുക്കിനല്കാന് സാംസ്ക്കാരിക വകുപ്പിന്റെ അഭിപ്രായം തേടും. കൃത്രിമകൈകള്‍ ശരിയായശേഷം ഹരിഹരന് നായരെ കാണാന്‍ താന്‍ വീണ്ടും വരുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ഡയറക്ട്ര് ഡോ. ആര് എല്‍ സരിത, എന്‍ ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്ബേലി ജിസിഡിഎ ചെയര്മാന് വി സലീം എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
