ഒളളൂർക്കടവ് പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ. ദാസന് എം.എല്‍.എ. അറിയിച്ചു. പാലം നിര്‍മാണത്തിന് സമീപന റോഡിന് സ്ഥലമേറ്റെടുക്കലിന് പരിഷ്കരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി എം.എല്‍.എ. പറഞ്ഞു.
1.4443 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കലിനാണ് അനുമതിയായിരിക്കുന്നത്. ചെങ്ങോട്ടുകാവ് ഭാഗത്ത് .4653 ഹെക്ടറും ഉള്ളിയേരി ഭാഗത്ത് .979 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. 2013-ലെ എല്‍.എ.ആര്. ആക്ട് പ്രകാരമാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കലിന് ഉത്തരവായിരിക്കുന്നത്. പാലത്തിന് ഭരണാനുമതി നേരത്തെ ലഭിച്ചതാണ്. എന്നാല്‍, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സാങ്കേതികതടസ്സങ്ങള്‍ വന്നതോടെ നടപടികള്‍ മുന്നോട്ടുപോയില്ല.

സമീപന റോഡിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. പാലത്തിന്റെ ഇരുഭാഗത്തും ഏകദേശം നൂറുമീറ്ററോളം നീളത്തിലാണ് സമീപനറോഡിന് ഭൂമി ഏറ്റെടുക്കേണ്ടിവരിക. പാലത്തിന് നടപ്പാതയടക്കം 12 മീറ്റര്‍ വീതിയുണ്ടാകും. ആറു സ്പാനുകളായാണ് പാലം നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക കളക്ടറാണ്. അതിനുള്ള നിര്‍ദേശം പൊതുമരാമത്തുവകുപ്പ് കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

