ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക‌് തൊഴില്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത‌് ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക‌് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളുമായാണ‌് സര്‍ക്കാര്‍ മുന്നേറുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐടി അടിസ്ഥാന സൗകര്യം 1.3 കോടി ചതുരശ്ര അടിയില്‍നിന്ന‌് 2.3 കോടിയായി ഉയര്‍ത്തിയും സാമൂഹിക പശ്ചാത്തലം ഒരുക്കിയും ലക്ഷ്യത്തിലെത്താനുള്ള തീവ്ര നടപടികളാണ‌് മുന്നേറുന്നത‌്.
ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ പദ്ധതിയായ ‘ഡൗണ്‍ ടൗണ്‍ ട്രിവാന്‍ഡ്ര’ത്തിന്റെ നിര്‍മാ ണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായ മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും ഭൗതികസൗകര്യങ്ങളും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുതിയ വളര്‍ച്ചാമേഖല എന്ന നിലയില്‍ ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. നൂതന ആശയങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്‌സാഹിപ്പിക്കും. കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഐടി ഡെസ്റ്റിനേഷനായി പരിവര്‍ത്തിപ്പിക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്.

ഇത്തരം ശ്രമങ്ങളുടെ ഭാഗമായാണ‌് നിസാന്‍, ഫുജിസ‌്റ്റു ഉള്‍പ്പെടെയുള്ള അന്തരാഷ‌്ട്ര കമ്ബനികള്‍ കേരളത്തിലേക്ക‌് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

