KOYILANDY DIARY.COM

The Perfect News Portal

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന്‌ ദീപാ നിശാന്ത്‌

തിരുവനന്തപുരം: നടി ഊര്‍മ്മിളാ ഉണ്ണിക്കൊപ്പം വേദി പങ്കിടാന്‍ ഇഷ്‌ടമില്ലാത്തതിനാല്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തി അക്ഷരപുരസ്‌ക്കാരം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന്‌ എഴുത്തുകാരി ദീപാ നിശാന്ത്‌.ആക്രമിക്കപ്പെട്ട നടിയോട്‌ കൂറുപ്രഖ്യാപിച്ചാണ്‌ ഊര്‍മ്മിള ഉണ്ണിക്കൊപ്പം പങ്കെടുക്കാത്തത്‌. താരസംഘടനയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയുള്ള ഊര്‍മ്മിള ഉണ്ണിയുടെ ചോദ്യത്തെ അത്ര നിഷ്‌കളങ്കമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും പ്രിവിലേജുകളില്‍നിന്ന്‌ അനുഭവിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്ന്‌ കരുതുന്ന വലംപിരി ശംഖിന്റെ പ്രചാരകരോട്‌ തനിക്കൊന്നും പറയാനില്ലെന്നും ദിപാ നിശാന്ത്‌ വ്യക്‌തമാക്കി

പോസ്‌റ്റ്‌ ചുവടെ 

ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച്‌ നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുകയാണ്.ഒരു മഹാമനുഷ്യന്‍്റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങില്‍ പങ്കെടുക്കുന്ന ഊര്‍മ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാന്‍ മാറി നില്‍ക്കുന്നു. ഞാന്‍ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാന്‍ പങ്കെടുത്താല്‍ പ്രശ്നം എനിക്കു മാത്രമാണ്.

കേരളത്തിലെ സ്ത്രീകളുടെ രാത്രിയാത്രാപ്രശ്നങ്ങളെപ്പറ്റി ഒരു ചര്‍ച്ചയില്‍ ഊര്‍മ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,’കേരളത്തില്‍ അങ്ങനൊരു പ്രശ്നമേ ഇല്ല. ഇന്നലെ രാത്രി ചെന്നെയില്‍ നിന്ന് ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്ന് ടാക്സി പിടിച്ച്‌ വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല,ശല്യപ്പെടുത്തിയതുമില്ല!’ എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് ഞാന്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ പ്രിവിലേജുകളില്‍ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല.

അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തില്‍ നാളെ നമ്മളോരോരുത്തര്‍ക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തില്‍ ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നില്‍ക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവന്‍ എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പല ഭീഷണികള്‍ക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തില്‍ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നു.’ ദിലീപിന്റെ വിഷയത്തില്‍ എന്താ തീരുമാനം ?’ എന്ന ഊര്‍മ്മിള ഉണ്ണിയുടെ ചോദ്യവും അതിനെത്തുടര്‍ന്ന് അവിടെയുണ്ടായ ആഹ്ലാദാതിരേകങ്ങളും അത്ര നിഷ്കളങ്കമായി കാണാനുള്ള വിശാലത എന്റെ ചെറിയ മനസ്സിനില്ല. എന്നോട് ക്ഷമിക്കുക.

Advertisements

എനിക്ക് എല്ലാവരേയും മാറ്റാനാവില്ല.എന്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ. നേരത്തെ എടുത്ത തീരുമാനമാണ്. സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. അതൊരു വാര്‍ത്തയാക്കാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു. പക്ഷേ രാവിലെ ചിലര്‍ പത്രവാര്‍ത്ത കണ്ട് വിളിക്കുന്നുണ്ട്. അന്വേഷിക്കുന്നുണ്ട്. അതു കൊണ്ടു മാത്രം ഇതിവിടെ അറിയിക്കുന്നു.

നന്ദി.

Share news

Leave a Reply

Your email address will not be published. Required fields are marked *