ഇരു വൃക്കകളും തകരാറിലായ യുവതിയും, ഹൃദ്രോഗിയായ അമ്മയും ദുരിതത്തില്‍

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇരു വൃക്കകളും തകരാറിലായ യുവതിയും, ഹൃദ്രോഗിയായ അമ്മയും ദുരിതത്തില്‍. എറണാകുളം നായരമ്പലം സ്വദേശി ഗീതയും മകള്‍ ചിഞ്ചുവുമാണ് ഡോക്ടര്‍മാരുടെയും വാര്‍ഡിലെ മറ്റ് രോഗികളുടെയും കാരുണ്യത്താല്‍ ജീവിതം തള്ളിനീക്കുന്നത്.
സ്വന്തമായി വീടോ, തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത ചിഞ്ചുവിന് വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താന്‍ ഇവര്‍ക്കാകില്ല.

നായരമ്പലത്തെ വാടക വീട്ടിലായിരുന്നു ചിഞ്ചുവിന്‍റെയും അമ്മ ഗീതയുടെയും ജീവിതം. ഏപ്രില്‍ നാലാം തീയതി മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസില്‍ വിഭാഗത്തിലെ പതിനൊന്നാം വാര്‍ഡാണ് ഇവരുടെ വീട്.

രണ്ട് വൃക്കകളും തകരാറിലാണെന്ന് തിരിച്ചറിഞ്ഞതോടെ തുടരെ തുടരെയുള്ള ഡയാലിസിസിനായി ചിഞ്ചു തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. എട്ട് വര്‍ഷം മുമ്ബ് കുടുംബത്തിന്‍റെ ഭാരം ഇവര്‍ക്ക് കൈമാറി വിടപറഞ്ഞ, അച്ഛന്‍റെ സുഹൃത്ത് മുഹമ്മദാണ് ഇപ്പോള്‍ ഇവരുടെ ദൈവം.

മുഹമ്മദ് പകരുന്ന ധൈര്യം മാത്രമാണ് ഇവരുടെ ജീവിതത്തിന്‍റെ കരുത്ത്. കയ്യില്‍ പണമില്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ കരുണയിലാണ് ഡയാലിസിസ് നടന്നു പോകുന്നത്. ചിഞ്ചു കുറച്ചു ദിവസങ്ങളായി തളര്‍ന്ന് കിടപ്പിലാണ്. അപസ്മാരത്തിന്‍റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. വാര്‍ഡിലെ മറ്റ് രോഗികളുടെ കനിവിലാണ് ആഹാരവും വസ്ത്രവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെ പിടിച്ചു കെട്ടുന്നത്.
ചിഞ്ചുവിനെ വിട്ട് ആശുപത്രി വരാന്തയിലേക്കു പോലും ഈ അമ്മ ഇറങ്ങാറില്ല. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളോ, ബാങ്ക് അക്കൗണ്ടോ ഇവര്‍ക്കില്ല. അര്‍ഹമായ സര്‍ക്കാര്‍ സഹായങ്ങളും കയ്യെത്താ ദൂരത്താണ്. വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ചിഞ്ചുവിന് ഇനി വേണ്ടത് കരുണയുള്ളവരുടെ സഹായമാണ്.
