KOYILANDY DIARY.COM

The Perfect News Portal

ഇന്ന് മുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം

തിരുവനന്തപുരം:  ഇന്ന് മുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ)വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി സംസ്ഥാനത്തെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തി. ഇതേ തുടര്‍ന്നാണ് മെയ് ഒന്നു മുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം.

Advertisements

അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്നുമുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇത് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട ബില്ലില്‍ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാള ഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴയും വിധിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *