സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ഇന്ന് ജൂണ്‍ ഒന്ന്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത് മൂന്നര ലക്ഷത്തോളം കുരുന്നുകള്‍. വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അവരെ വരവേറ്റത്.
കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളിലെല്ലാം വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരുട്ടമ്പലം യു.പി. സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.

ജാതിയുടെ പേരില്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കുന്ന സാമൂഹ്യ സാഹചര്യത്തിനെതിരായി മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ ചരിത്രമാണ് ഊരുട്ടമ്പലത്തെ കുടിപ്പള്ളിക്കൂടത്തിനുള്ളത്. നവോത്ഥാനത്തിന്റെ ഫലമായാണ് വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായി മാറിയ പില്ക്കാല മുന്നേറ്റം നമുക്കുണ്ടാക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോതു വിദ്യാലയങ്ങളാണ് അല്പകാലം മുമ്പുവരെ നമ്മുടെ വിദ്യാഭ്യാസത്തെ നയിച്ചിരുന്നത്. നാമുണ്ടാക്കിയ നേട്ടങ്ങളൊക്കെ പൊതുവിദ്യാഭ്യാസത്തിന്റെ ഫലമായിരുന്നു. എന്നാല്‍ പിന്നീട് ആഗോളവത്കരണത്തോടെ സ്ഥിതി മാറി. വിദ്യാഭ്യാസം കച്ചവടമായി. ഈ സ്ഥിതി മാറേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

