KOYILANDY DIARY.COM

The Perfect News Portal

ആയുഷ് ചികിത്സാരീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും ആയുഷ് കോണ്‍ക്ലേവ്

കേരളത്തിലെ ആയൂര്‍വേദവും ഇതര ആയുഷ് ചികിത്സാ സമ്ബ്രദായങ്ങളായ യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയും അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയമാണ്. വിവിധ രോഗങ്ങള്‍ക്കുള്ള ആയൂര്‍വേദ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണ സൗഖ്യ ചികിത്സാരീതികള്‍ക്കും കേരളത്തെ തേടിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.

എന്നാല്‍, അര്‍ഹിക്കുന്ന അംഗീകാരത്തോടെ ഈ ചികിത്സാവിഭാഗങ്ങളെ ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ നമുക്കായിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വിഭാഗങ്ങളുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമായി ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.അന്താരാഷ്ട്രമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.

ഒത്തുചേരലിനുള്ള വേദി

Advertisements

ആയുഷ് ചികിത്സാ സമ്ബ്രദായങ്ങളുടെ ശാസ്ത്രീയമായ അടിത്തറ വിപുലപ്പെടുത്താനും ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുഷ് ചികിത്സാ സമ്ബ്രദായങ്ങളില്‍ അധിഷ്ഠിതമായ വെല്‍നെസ് ടൂറിസംമേഖലയില്‍ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം.

വെല്‍നെസ് ചികിത്സാരംഗത്തെ വിദഗ്ധരെ കേരളത്തിന് പരിചയപ്പെടുത്താനും നമ്മുടെ ശേഷി അവരെ ബോധ്യപ്പെടുത്താനും സാധിക്കുക വഴി ഈ മേഖലയിലെ നമ്മുടെ വൈദഗ്ധ്യമാര്‍ന്ന മാനവ വിഭവശേഷി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും.ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനും സാധിക്കുന്നതാണ്.

ആയുഷ് കോണ്‍ക്ലേവ് ലോകമെങ്ങുമുള്ള ആയുഷ്, വിശിഷ്യ ആയുര്‍വേദ സമൂഹത്തിന്റെ ഒത്തുചേരലിനും വേദിയാകുന്നു. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആയുഷ്മേഖലയ്ക്ക് മനസ്സിലാക്കാനും സ്വാംശീകരിക്കാനുമുള്ള ഒരവസരവും കൂടിയാണ് ഈ ആയുഷ് കോണ്‍ക്ലേവ്. പൊതുജനാരോഗ്യ മേഖലയില്‍ ഏറ്റവും ജനകീയവും ചെലവുകുറഞ്ഞതും തദ്ദേശീയവുമായ വൈദ്യസമ്ബ്രദായങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കേരള ആരോഗ്യമാതൃകയെ ശക്തിപ്പെടുത്തും.

അന്താരാഷ്ട്ര സെമിനാര്‍, നാഷണല്‍ ആരോഗ്യ എക്പോ്പ, ബിസിനസ് മീറ്റ്, എല്‍എസ്ജി ലീഡേഴ്സ് മീറ്റ്, ആയുര്‍വേദ, സിദ്ധ, യുനാനി ആന്‍ഡ് ഹോമിയോപ്പതി ഔഷധനയം-ശില്‍പ്പശാല, കാര്‍ഷികസംഗമം, ആരോഗ്യവും ആഹാരവും – ശില്‍പ്പശാല, ആയുഷ് ഐക്യദാര്‍ഢ്യസമ്മേളനം, ആയുഷ് സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവ് തുടങ്ങിയവയാണ് ആയുഷ് കോണ്‍ക്ലേവിലെ ആകര്‍ഷകമായ ഇനങ്ങള്‍.

ഹെര്‍ബല്‍ ബസാര്‍, ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. ഔഷധ നിര്‍മാതാക്കള്‍ക്ക് അവരുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമാണ് ഹെര്‍ബല്‍ ബസാര്‍കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട്ര-ആരോഗ്യ-വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഈ സെഷനില്‍ അവതരണങ്ങള്‍ ഉണ്ടാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉല്‍പ്പന്നമായി മാറ്റുന്നതിനുള്ള കര്‍മപദ്ധതികള്‍ ചര്‍ച്ചചെയ്യും. ഈ രണ്ടു പരിപാടിയുടെയും ഭാഗമായി തയ്യാറാക്കപ്പെടുന്ന ധാരണപത്രങ്ങള്‍ സംബന്ധിച്ച്‌, കോണ്‍ക്ലേവിനുശേഷം കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തപ്പെടുകയും സംസ്ഥാന താല്‍പ്പര്യത്തിനും യോഗ്യമായതരത്തില്‍ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യും. അതിനായി കോണ്‍ക്ലേവിനുശേഷം ഒരു വര്‍ഷക്കാലത്തേക്ക് പ്രവര്‍ത്തിക്കുന്നതിന് ഒരു സെക്രട്ടറിയറ്റ് രൂപീകരിക്കും.

തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകള്‍ പരിശോധിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേദി ഒരുക്കുന്നതിനാണ് എല്‍എസ്ജി ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മികച്ച പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടുകയും അംഗീകാരം നല്‍കുകയുംചെയ്യുക ഈ പരിപാടിയുടെ ഉദ്ദേശ്യങ്ങളില്‍ ഒന്നാണ്.

ആയുര്‍വേദ, സിദ്ധ, യുനാനി ആന്‍ഡ് ഹോമിയോപ്പതി ഔഷധനയം സംബന്ധിച്ച ശില്‍പ്പശാലയില്‍ ആയുര്‍വേദ ഔഷധനിര്‍മാണ മേഖലയും ഇതര ആയുഷ് ചികിത്സാ സമ്ബ്രദായങ്ങളുടെ ഔഷധനിര്‍മാണ മേഖലയും ചര്‍ച്ചചെയ്യപ്പെടുന്നു.

ഔഷധസസ്യക്കൃഷിമുതല്‍ വിപണനംവരെയുള്ള വിവിധ തലങ്ങളും കര്‍ഷകരുടെയും വ്യവസായികളുടെയും വില്‍പ്പനക്കാരുടെയും ചികിത്സകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ശില്‍പ്പശാലയായിരിക്കും ഇത്. കേരള സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ ആയുര്‍വേദ ഔഷധനയം രൂപീകരിക്കുമെന്ന പ്രഖ്യാപനം സാക്ഷാല്‍ക്കരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രസ്തുത ശില്‍പ്പശാല.

പൊതുജനാരോഗ്യസംരക്ഷണം

ആയുഷ് പുതിയ ആശയങ്ങള്‍ വളര്‍ത്തുന്നതിനും അവയ്ക്ക് മൂലധനം കണ്ടെത്തുന്നതിനും വ്യവസായ സമൂഹത്തിന്റെ സഹായത്തോടെയാണ് സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കേരള സുസ്ഥിര വികസനത്തില്‍ ആയുഷിന്റെ നവസംരംഭകത്വം ഉപയോഗപ്പെടുത്തുന്നതിന് ഈ സ്റ്റാര്‍ട്ടപ് സഹായിക്കും.

രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ധരായ 500 പ്രത്യേക ക്ഷണിതാക്കള്‍, ഗവേഷകര്‍, വ്യവസായമേഖലയില്‍ നിന്നുമുള്ള 200 വിദഗ്ധര്‍, 50 സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്ന് 200 പ്രതിനിധികള്‍ എന്നിവര്‍ ആയുഷ് കോണ്‍ക്ലേവില്‍ പങ്കെടുക്കും.

സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ കേരള സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ ടൂറിസംവകുപ്പ്, വ്യവസായവകുപ്പ്, തദ്ദേശഭരണവകുപ്പ്, കായികവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ്, വനംവകുപ്പ്, ശാസ്ത്രസാങ്കേതികവകുപ്പ്, കെഎസ്‌ഐഡിസി കിന്‍ഫ്ര, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനില്‍ പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വകലാശാല, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, ടിബിജിആര്‍ഐ തുടങ്ങിയ വകുപ്പുകളുടെയും ഏജന്‍സികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

കേരളത്തിലെ ആയുഷ് വൈദ്യശാസ്ത്ര വിഭാഗങ്ങളുടെ ചരിത്രത്തില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടക്കുന്ന ആദ്യത്തെ സംരംഭമാണിത്. കേരളത്തിന്റെ സുസ്ഥിരവികസനമെന്ന സമീപനവും പൊതുജനാരോഗ്യസംരക്ഷണമെന്ന കാഴ്ചപ്പാടും മുന്‍നിര്‍ത്തി ആയുഷ്മേഖലയില്‍ ആദ്യമായി നടക്കുന്ന പ്രമുഖ പരിപാടിയും ഇതുതന്നെയാണ്.

കേരളത്തിന്റെ ആയുഷ് ചികിത്സാ സമ്ബ്രദായങ്ങളുടെ സവിശേഷതകള്‍ ലോകമെമ്ബാടും വിളംബരം ചെയ്യുന്ന പരിപാടിയായി ആയുഷ് കോണ്‍ക്ലേവിനെ മാറ്റാനായി എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *