ആഡംബര രാവില്‍ നിറഞ്ഞ് ഇഷ അംബാനി-ആനന്ദ് മാംഗല്യം

മുംബൈ: ദിവസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവില്‍ ആഡംബരത്തിളക്കത്തില്‍ നിറഞ്ഞ് മുകേഷ് അംബാനിയുടെ പുത്രി ഇഷയും വ്യവസായി ആനന്ദ് പിരമലും വിവാഹിതരായി. മുകേഷിന്റെ ആഡംബര വസതിയില്‍ നടന്ന ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ-വ്യവസായ ലോകത്തിലെ നിരവധി പേര് പങ്കെടുത്തു. ദക്ഷിണ മുംബൈയിലെ പെഡ്ഡര്‍ റോഡിലെ വസതിയില്‍ അറുന്നൂറോളം പേരുടെ സാക്ഷിത്വത്തിലാണ് വിവാഹം നടന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍,റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ കുടുംബം നാല്പത് വര്‍ഷത്തോളമായി അംബാനി കുടുംബത്തിന്റെ സുഹൃത്തുക്കളാണ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റണ്, സിനിമാ ലോകത്ത് നിന്നും അമിതാബ് ബച്ചനും കുടുംബവും, രജനീ കാന്ത്, പ്രിയങ്ക-നിക്ക്, രണ്‍വീര്‍- ദീപിക, ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരും പങ്കെടുത്തു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെയായിരുന്നു വിവാഹം. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ജിയോ ഗാര്‍ഡനില്‍ വെച്ച് നാളെയാണ് വിവാഹ വിരുന്ന് ഒരുക്കിയിരിക്കുന്നത്.

