KOYILANDY DIARY.COM

The Perfect News Portal

ആം ആദ്മി എം.എല്‍.എ.യുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച്‌ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വാക്പോര് രൂക്ഷമാക്കുന്നതിനിടെ ആം ആദ്മി എംഎല്‍എയുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി.

ആം ആദ്മി എംഎല്‍എ കര്‍താര്‍ സിംഗ് തന്‍വാറിന്റെ കണക്കില്‍പ്പെടാത്ത സ്വത്താണ് റെയ്ഡ് നടത്തി ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഒരു കോടിയിലേറെ മൂല്യം വരുന്ന പണവും സ്വര്‍ണവും തന്‍വാറില്‍ നിന്നും അദ്ദേഹത്തിന്റെ സഹോദരനില്‍ നിന്നുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.

അതേസമയം തനിക്കെതിരെയുള്ള പകപോക്കലിന്റെ ഭാഗമാണ് റെയ്ഡും സ്വത്തുക്കള്‍ കണ്ടുകെട്ടലുമെന്ന് തന്‍വാര്‍ ആരോപിച്ചു. നേരത്തെ ബിജെപിയിലുണ്ടായിരുന്ന തന്‍വാര്‍ 2014-ലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്.

Advertisements

എന്നാല്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡിന് തുടര്‍ച്ചയായാണ് ജപ്തി നടപടികളെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വിശദീകരിച്ചു. ഛാട്ട്പുറിലും ഗിത്രോനിയിലും ഫാം ഹൗസുകള്‍ വാങ്ങിയ തന്‍വാര്‍ ഈ കച്ചവടങ്ങള്‍ക്ക് സ്റ്റാമ്ബ് ഡ്യൂട്ടിയോ രജിസ്ട്രേഷന്‍ ഡ്യൂട്ടിയോ അടച്ചിരുന്നില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമവിധേയമല്ലാതെയും, ബിനാമി ഇടപാടുകളിലൂടേയും തന്‍വാര്‍ നടത്തിയ നിരവധി വസ്തുവില്‍പനകളുടെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും, നിയമവിരുദ്ധമായി തന്‍വാര്‍ സമ്ബാദിച്ച സ്വത്തിന്റെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിച്ചു വരുന്നേയുള്ളൂവെന്നും ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു.

ഇതില്‍ നിലവില്‍ ഒരു ഡസനിലേറെ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ പലതരം കേസുകളില്‍ പ്രതിയാണ്. സ്ത്രീപീഡനം, സ്ത്രീകളോട് മോശമായി പെരുമാറല്‍, ഗാര്‍ഹികപീഡനം, വ്യാജവിദ്യാഭ്യാസരേഖകള്‍ ചമയ്ക്കല്‍, അക്രമപ്രവര്‍ത്തനങ്ങള്‍, ഭൂമിതട്ടിപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന് നേതൃത്വം കൊടുക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ഉള്‍പ്പെടും.

Share news