KOYILANDY DIARY.COM

The Perfect News Portal

അവശതകള്‍ മറന്ന് ഒന്നിച്ചു കൂടാന്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക് ആരംഭിക്കുന്നു

കടലുണ്ടി :ജീവിത സായാഹ്നത്തില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് ഒന്നിച്ചു കൂടാന്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക് ആരംഭിക്കുന്നു. കടലുണ്ടി ഗ്രാമ പഞ്ചായത്താണ് വയോജന പരിപാലനത്തിന്റെ ഭാഗമായി സഫലമീ യാത്ര പദ്ധതിയുമായി പാര്‍ക്ക് ഒരുക്കുന്നത്.

പഞ്ചായത്തിലെ വയോജന സംഘടനകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വയോജന സര്‍വേ, ഹെല്‍ത്ത് കാര്‍ഡ് വിതരണം, വയോജന രേഖ തയ്യാറാക്കല്‍, ജീവിത ശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, യോഗാ പരിശീലനം തുടങ്ങിയവയാണ് നടപ്പാക്കുക. വയോജന ക്ഷേമത്തിനായി തയ്യാറാക്കിയ കരട് രേഖ വയോജനസഭകളില്‍ അവതരിപ്പിക്കും. നിര്‍ദേശങ്ങള്‍ കൂടി സമാഹരിച്ചാണ് വയോജന നയം രൂപീകരിക്കുക.
ആദ്യഘട്ടത്തിനായി 9.25ലക്ഷം രൂപയാണ് നീക്കിവച്ചത്.

 വയോജനങ്ങള്‍ക്ക് പകല്‍ സമയം ചെലവഴിക്കാനും വിശ്രമിക്കുന്നതിനുമായി പകല്‍ വീടുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനും പകല്‍ വീടുകളില്‍ വേദിയൊരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ .ഭക്തവല്‍സലന്‍ പറഞ്ഞു.

ഇതോടനുബന്ധിച്ച്‌ ഗ്രാമ പഞ്ചായത്തിലഎല്ലാം വയോജനങ്ങള്‍ക്കും പെന്‍ഷനും ലഭ്യമാക്കാനും നടപടി എടുക്കും. കടലുണ്ടി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. വടക്കുമ്പാട് പുഴയുടെതീരത്ത് വയല്‍ തൊടിയിലാണ് വയോജന പാര്‍ക്ക് . ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.നിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.കെ ബി ച്ചിക്കോയ, ഭാനുമതി കക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം സബൂന, സതീദേവി ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍, സിന്ദു പ്രദീപ്, ദിനചന്ദ്രന്‍ , ഭാസകരന്‍ നായര്‍, വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *