KOYILANDY DIARY.COM

The Perfect News Portal

അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ഡല്‍ഹി> ഭരണ പ്രതിസന്ധി രൂക്ഷമായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളണമെന്ന കോണ്‍ഗ്രസ് ആവശ്യം രാഷ്ട്രപതി അംഗീകരിച്ചില്ല. അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ നവംബറില്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രി നബാം ടുക്കിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്പീക്കര്‍ ബാം റെബിയയെ ഇംപീച്ച് ചെയ്തു. എന്നാല്‍, ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സ്പീക്കറുടെ നിലപാട്. 60 അംഗ മന്ത്രി സഭയില്‍ കോണ്‍ഗ്രസിന് 47ഉം ബിജെപിക്ക് 11ഉം അംഗങ്ങളാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണമല്ലാതെ മറ്റു പോംവഴികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും അരുണാചല്‍ പ്രദേശിലെ ഭാവി കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.

Share news