അപൂര്‍വ്വ നര്‍ത്തന വേദിക്ക് സാക്ഷിയായി കാപ്പാട് കടപ്പുറം

കൊയിലാണ്ടി: ലോക നൃത്തദിനത്തില്‍ 1000 നര്‍ത്തകിമാര്‍ക്കൊപ്പം ചുവട് വെച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. കൊയിലാണ്ടി പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തിലാണ് സഹസ്രമയൂരം എന്ന പേരില്‍ കാപ്പാട് കടപ്പുറത്ത് നൃത്ത പരിപാടി അരങ്ങേറിയത്. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് നൃത്ത പരിപാടി ഉദ്ഘാടനം ചെയ്തു.
ആയിരം നര്‍ത്തകര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്ന അപൂര്‍വ നര്‍ത്തന വേദിക്കാണ് ലോക നൃത്ത ദിനം കാപ്പാട് കടപ്പുറം സാക്ഷ്യം വഹിച്ചത്. അസ്തമയ സൂര്യന്റെ പൊന്‍വെളിച്ചത്തില്‍ നടന്ന സുന്ദര നൃത്താനുഭവം ആസ്വദിക്കാന്‍ ആയിരങ്ങള്‍ കാപ്പാടേക്ക് ഒഴുകിയെത്തി.

45 മിനുട്ട് നീണ്ടുനിന്ന സഹസ്രമയൂരത്തില് അറബികടലിന്റെ ഓളങ്ങലെ സാക്ഷിയാക്കി നര്ത്തികിമാര് നിറഞ്ഞാടി. ഒപ്പം നര്‍ത്തകരെ അനുഗ്രഹിക്കാനെത്തിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരും ചുവടുവെച്ചു. ലജ്ന ടീച്ചറുടെ നേതൃത്വത്തിലുളള പൂക്കാട് കലാലയത്തിലെ നൃത്തവിഭാഗം അധ്യാപികമാരാണ് സഹസ്രമയൂരം സംവിധാനം ചെയ്തത്.

യു. കെ. രാഘവന്റേയും അബൂബക്കര്‍ മാഷിന്റേയും വരികള്‍ക്ക് പ്രേംകുമാര്‍ വടകരയും സുനില്‍ തിരുവങ്ങൂരും ഈണം പകര്‍ന്നു. വിവിധ ക്ലാസിക്കല്‍, നാടോടി നൃത്തരൂപങ്ങള്‍ സമന്വയിച്ച സഹസ്രമയൂരത്തില് കലാലയത്തിലെ പത്ത് മുതല്‍ 18 വയസ്സുവരെയുളള കലാകാരികള്‍ ചുവടുവെച്ചു.

