അപകടങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷകരായുണ്ടാവും ഇനി ഈ പന്ത്രണ്ട് പേരും
 
        രാമനാട്ടുകര: രാമനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷകരായി പൊലീസിനേയും ഫയര്‍ ഫോഴ്സിനേയും സഹായിക്കാന്‍ നാട്ടുകാരോടൊപ്പം ഇനി ഈ 12 പേരുകൂടിയുണ്ടാവും. ഫറോക്ക് പൊലീസിന്റെയും രാമനാട്ടുകര പൊലീസ് എയിഡ് പോസ്റ്റിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച റെസ്ക്യൂ വളണ്ടിയേഴ്സിലെ 12 പേരാണ് ദുരന്ത മുഖത്തേക്ക് രക്ഷാപ്രവര്ത്തകരായെത്തുക.
ഇവര്‍ക്കുള്ള ജാക്കറ്റ് വിതരണം രാമനാട്ടുകരയില്‍ നടന്ന ചടങ്ങില്‍ നഗര സഭാ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന് നിര്‍വഹിച്ചു. ഫറോക്ക് എസ്.ഐ എ.രമേശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വിനീത.എം,രാമനാട്ടുകര പൊലീസ് എയിഡ് പോസ്റ്റ് എസ്.ഐ സി.കെ.അരവിന്ദന് എന്നിവര്‍ സംസാരിച്ചു.

വാഹനാപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുമ്പോള്‍ പൊലീസെത്തുന്നതിനു മുന്നേതന്നെ രക്ഷാപ്രവര്ത്തനമാരംഭിക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യം. അപകടസ്ഥലത്ത് മാത്രമല്ല ഇവരുടെ സേവനം പൊലീസ് പ്രതീക്ഷിക്കുന്നത്. ലഹരി മാഫിയേയും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരേയും പിടികൂടാന്‍ പൊലീസിനെ ഇവര്‍ സഹായിക്കും.

രാമനാട്ടുകര അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഈ സംഘത്തില്‍ പ്രധാനമായും ഇപ്പോഴുള്ളത്. ഫയര്‍ ഫോഴ്സിന്റെ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് ഇവര്‍. കൂടാതെ പൊലീസും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. നഗരസഭയിലും പരിസരത്തുനിന്നുമുള്ള അംഗങ്ങള്‍ തങ്ങളുടെ പ്രദേശത്തെ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കും. ഇതുവഴി പൊതുജനങ്ങള്‍ക്ക് സഹായം ആവശ്യപ്പെടാം.

കഴിഞ്ഞ മാസം ദേശീയപാതയില്‍ രാമനാട്ടുകര തോട്ടുങ്ങലില്‍ യുവതിയും ബാലികയും വാഹനാപകടത്തില്‍ പെട്ടപ്പോള്‍ പെട്ടന്ന് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി നാട്ടുകാരുടേയും പൊലീസിന്റെയും പ്രശംസ പിടിച്ചു പറ്റിയ 12 പേരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തത്.
സഹീര്‍.പി (പ്രസിഡണ്ട്), അനീഷ് (സെക്രട്ടറി), ബഷീര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.   അതാതുകാലത്തെ നഗരസഭാ അദ്ധ്യ ക്ഷന്‍, ഫറോക്ക് പൊലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്.ഐ, രാമനാട്ടുകര പൊ ലീസ് എയ്ഡ് പോസ്റ്റ് എസ്.ഐ, പ്രദേശത്തെ കൗണ്‍സിലര്‍ എന്നിവരായിരിക്കും രക്ഷാധികാരികള്‍.


 
                        

 
                 
                