ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ

മറയൂര്‍: ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടര്‍ന്നു. തീ നിയന്ത്രണവിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയില്‍ വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്ബതോളം പേരുടെ വീടുകളും കാട്ടുതീയില്‍ നശിച്ചു.
അഞ്ചുനാട്ടില്‍ കാട്ടുതീ പടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈവശഭൂമിയും പട്ടയഭൂമിയും തീയില്‍പെട്ട് നശിച്ചു. അഞ്ചുനാട് മലനിരകളിലെ ഗോത്രവര്‍ഗ കോളനികളുടെ കൃഷിയിടങ്ങളില്‍ മണ്ണ് ഒരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വനമേഖലയിലേക്കും തീ പടരുന്നതിനു കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഉള്‍ വനത്തിലേക്ക് തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് ജാഗ്രതയിലാണ്.

