കോവിഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ കൊയിലാണ്ടി സ്വദേശിനിയും
കൊയിലാണ്ടി: യു.എ.ഇ ആരോഗ്യ മന്ത്രാലയവും, അബുദാബി ആസ്ഥാനമായുള്ള ജി. 42 ഹെൽത്ത് കെയറും, ചൈനീസ് കമ്പനിയായ സിനോ ഫാർമയും ചേർന്ന് നിർമ്മിക്കുന്ന കോവിഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ കൊയിലാണ്ടി മേലൂർ സ്വദേശി ജൂലിയയും. ഇതിൻ്റെ ഭാഗമായി ജൂലിയയ്ക്ക് കഴിഞ്ഞ 22 ന് ആദ്യ ഡോസ് മരുന്ന് നൽകി. അടുത്ത ഡോസ് 21 ദിവസത്തിനു ശേഷമാണ് നൽകുക.
ഇത്രയും ദിവസത്തെ പാർശ്വഫലത്തെ കുറിച്ചും മറ്റും ഡയറിയിൽ കുറിച്ച് വെക്കും. മുൻ എം.എൽ.എ.യും, സി.പി.എം.നേതാവുമായ പി. വിശ്വൻ മാസ്റ്ററുടെയും, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ടി. വി. ഗിരിജയുടെയും മകളാണ് ജൂലിയ. മെക്സിക്കൻ ഫുഡ് കമ്പനിയിലെ പർച്ചേസ് ആൻഡ് ലോജിസ്റ്റിക് മാനേജരാണ് ഇപ്പോൾ ജൂലിയ.
പരീക്ഷണം വിജയിക്കുകയാണെങ്കിൽ ലോകം ശ്രദ്ധിക്കുന്ന നേട്ടമായി മാറുമെന്നും. ഇത് കാരണമാണ് തൻ്റെ ശരീരം വിട്ട് കൊടുക്കാൻ തയ്യാറായതെന്നും, ഒരു കമ്പനിയിലെ എഞ്ചിനീയറായ ഭർത്താവ് രോഷിത്തിൻ്റെ പൂർണ്ണ പിന്തുണയും ഇതിനൊപ്പമുണ്ടെന്നും ജൂലിയ പറഞ്ഞു.
സൺറൈസ് ഇന്ത്യൻ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അയാൻ രോഷിത്തും പിന്തുണയുമായുണ്ടെന്നും ജൂലിയ കൂട്ടിച്ചേർത്തു.