KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുമല ഖനനാനുമതി നൽകുന്നത് കൂടുതൽ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് കൂടുതല്‍ പഠനത്തിനു ശേഷം മതിയെന്ന് സംസ്ഥാന വിദഗ്ദ്ധ സമിതിയുടെ തീരുമാനം. സമിതി അംഗങ്ങളായ ഡോ. ഈസ, കെ.കെ. കൃഷ്ണപണിക്കര്‍ എന്നിവര്‍ ഖനനത്തിന് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ സമിതി അഞ്ചു പേരെ കൂടി വിദഗ്ദ്ധ സംഘത്തില്‍ ഉള്‍പ്പെടുത്തി. സമിതി ചെയര്‍മാന്‍ ഡോ.സി. ഭാസ്‌കരനു പുറമെ ജി.ശങ്കര്‍, ഡോ.എസ്.ശ്രീകുമാര്‍, ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ, ഡോ.എം.അനില്‍കുമാര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട സംഘം വൈകാതെ ചെങ്ങോടുമല സന്ദര്‍ശിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.

നേരത്തെ വന്ന രണ്ടംഗ സംഘം ഗ്രാമപഞ്ചായത്തിനെയോ നാട്ടുകാരെയോ കേള്‍ക്കാതെ ക്വാറി ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെന്ന് ചെങ്ങോടുമല ഖനന വിരുദ്ധ ആക്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് സമരസമിതി ഹൈക്കോടതിയെയും സമീപിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിനും സമരസമിതിയ്ക്കും പറയാനുള്ളത് കൂടി കേള്‍ക്കാന്‍ കോടതി സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനു വേണ്ടി അന്നത്തെ പ്രസിഡന്റ് ഷീജ കാറാങ്ങോട്ടും സമരസമിതിയ്ക്ക് വേണ്ടി അഡ്വ. ഹരീഷ് വാസുദേവനും ഓണ്‍ലൈന്‍ ഹിയറിംഗില്‍ ഹാജരായി ചെങ്ങോടുമലയുടെ പരിസ്ഥിതി പ്രാധാന്യം ബോദ്ധ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വിപുലമായ സംഘം വിശദ പഠനത്തിനെത്തുന്നത്. മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചെങ്ങോടുമല സന്ദര്‍ശിച്ച്‌ മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുതിയ സംഘം ജനങ്ങളുടെ ആശങ്ക കൂടി ഉള്‍ക്കൊണ്ട് ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ. ഡെല്‍റ്റ ക്വാറി കമ്ബനിയ്ക്ക് ആദ്യം നല്‍കിയ പാരിസ്ഥിതികാനുമതി അനധികൃതമാണെന്ന് കണ്ടെത്തി ജില്ലാ കളക്ടര്‍ അത് മരവിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കമ്ബനി വീണ്ടും പാരിസ്ഥിതികാനുമതിയ്ക്ക് അപേക്ഷ നല്‍കിയത്. അനുമതി ലഭിച്ചാല്‍ ഡി. ആന്‍ഡ്. ഒ ലൈസന്‍സ് നല്‍കണമെന്ന് സംസ്ഥാന ഏകജാലക ബോര്‍ഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന ആരോപണമാണ് സമരസമിതിയുടേത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *