KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം രൂക്ഷം: രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് പ്രതിദിന കേസുകള്‍ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കജനകമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനിതക മാറ്റം വന്ന വൈറസ് വ്യാപനമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് എയിംസ് ഡയറക്ടര്‍ രന്‍ദീപ് ഗുലേറിയ പറഞ്ഞു. ജാഗ്രത കൈവിട്ടാല്‍ വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന കേസുകളില്‍ ഒന്നാമത്. 47,827 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *