KOYILANDY DIARY

The Perfect News Portal

ജനങ്ങളെ പട്ടിണിക്കിടാത്ത ആളാണ്‌ മികച്ച ഭരണാധികാരി: കവി മധുസൂദനന്‍ നായര്‍

തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ നല്ല ഭരണാധികാരികളാകാന്‍ കഴിയൂവെന്ന് കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ പറഞ്ഞു. ഇല്ലായ്മകളെ തോല്‍പ്പിച്ച്‌ വളര്‍ന്നു വന്ന അത്തരക്കാര്‍ എല്ലാ കാലത്തും സഹജീവികള്‍ക്ക് കരുതലായിരിക്കും. വെള്ളറടയില്‍ സി കെ ഹരീന്ദ്രന്‍ സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ക്കു വേണ്ടി എപ്പോഴും ഉണര്‍ന്നിരിക്കുന്ന ജനകീയ മുഖ്യമന്ത്രിയുടെ നാടാണ് കേരളം. അടുത്ത കാലത്ത് തന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമേകി മുഖ്യമന്ത്രി നിത്യവും സംവദിച്ചു. കേരളത്തിലെ ഒരു വീടും വിശക്കാന്‍ പാടില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ ഒരു മികച്ച ഭരണാധിപന്റെ കരുതലുണ്ടായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഏവരെയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഒരു വീടും കരയരുതെന്നും ഒരു വീട്ടടുപ്പും എരിയാതിരിക്കരുതെന്നും ഒരു വീട്ടിലും വിശപ്പു കേറരുതെന്നുമുള്ള അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകള്‍ തന്റെ കണ്ണുനനയിച്ചു. ഇതില്‍ സാമുഹ്യ പ്രതിബദ്ധതയുടെ രാഷ്ട്രീയമുണ്ട്. അത് എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല.

നാഞ്ചിനാട്ടില്‍ വിളവ് ഇല്ലാതായപ്പോള്‍ ജനങ്ങള്‍ പട്ടിണിയിലാണ്ടു പോകുമോയെന്ന് ചിന്തിച്ച്‌ നെഞ്ചുവേദനിച്ച ഒരു ഭരണാധികാരി പണ്ട് തിരുവിതാംകൂറിലുണ്ടായിരുന്നു. ഇവിടെ പ്രതിസന്ധി ഘട്ടത്തില്‍ ജനം പട്ടിണികിടക്കുമോയെന്നു ചിന്തിച്ച്‌ അതിനു പരിഹാരമുണ്ടാക്കിയ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായി എന്നതാണ് മലയാളികളുടെ പുണ്യം. ജനങ്ങളെ സഹായിക്കാനുള്ള നല്ല ഹൃദയമുള്ളവര്‍ക്കേ എല്ലാ കാലത്തും ജനകീയമായി ഇടപെടാന്‍ കഴിയൂ. അതാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ളവരാണ് ഈ നാടിനെ നയിക്കേണ്ടത്. അല്ലാത്തവരാരും നമുക്കു വേണ്ടാ. മധുസൂദനന്‍ നായര്‍ പറഞ്ഞു. കവി മുരുകന്‍ കാട്ടാക്കട അധ്യക്ഷനായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *